കേരളത്തിലെ ദളിത് ചരിത്ര രചനകളും പുതുപ്രവണതകളും

1990-കൾ മുതൽ തെക്കേ ഏഷ്യയിലെ സാഹിത്യ- സാമൂഹിക ശാസ്ത്ര മേഖലയിൽ സൈദ്ധാന്തികമായ ഇടപെടലുകൾ നടത്തുന്ന ഒരു വിജ്ഞാനശാഖയാണ് ദളിത് പഠനങ്ങൾ. കീഴാള പഠനങ്ങൾ ഉൾപ്പെടയുള്ള ചരിത്ര രചനാ സ്‌കൂളുകൾക്ക് മേൽ ആധികാരികമായ വിമർശനം ഉന്നയിക്കാൻ സാധിച്ച ദളിത് പഠനങ്ങൾ വളരെ വേഗത്തിൽ തന്നെ ഇന്ത്യയിലെ അയിത്ത ജാതികളുടെ ചരിത്രത്തെയും, കോളനികാല പ്രാമാണിക ശേഖരങ്ങളെയും പുത്തൻ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി. ബ്രിട്ടിഷ് പുരാശേഖരങ്ങൾക്ക് ഉള്ളിലും പുറത്തുമായി രേഖപ്പെടുത്തപ്പെട്ട ദളിത് ജീവിതങ്ങളെ സൈദ്ധാന്തിക   പിന്തുണയോട് കൂടി വ്യാഖാനിച്ച   പി. സനൽ മോഹൻ, റാംനാരായൺ എസ്. റാവുത്ത് തുടങ്ങിയവരുടെ ഗവേഷണങ്ങൾ വേഗത്തിൽത്തന്നെ തെക്കേ ഏഷ്യയുടെ അതിർവരമ്പുകൾ ഭേദിച്ചു (Rawat 2012; Mohan 2015). മാത്രമല്ല കേരളത്തിലെ ചരിത്ര രചനാ പദ്ധതികളുടെ അധീശഭാവുകത്വങ്ങളോട് രീതിശാസ്ത്രഭദ്രമായുള്ള  ബദൽചരിത്ര മാതൃക കാട്ടികൊടുക്കുന്നതിന്  Modernity of Slavery (2015) എന്ന സനൽ മോഹന്‍റെ പുസ്തകത്തിന് കഴിഞ്ഞു. സാഹിത്യ മേഖലയിലാകട്ടെ കെ. സത്യനാരായണ പോലുള്ള പണ്ഡിതർ ദളിത് പഠനങ്ങൾക്ക് കൃത്യമായ സ്ഥാനം നേടിയെടുക്കുകയുണ്ടായി (Satyanarayana 2012, 443-465). അയിത്തജാതികളെയും, അംബേദ്ക്കർ ആശയലോകത്തിനെയും മുൻ നിർത്തി വികസിക്കപ്പെടുന്ന ഈ എഴുത്തുധാര തൊഴിൽ, മാന്യത, അന്തസ്സ്,  സ്ത്രീത്വം, ദളിത് ഉട്ടോപ്യ തുടങ്ങി നിരവധി സംജ്ഞകളെ സാഹിത്യ- സാമൂഹിക ശാസ്ത്ര ഗവേഷങ്ങൾക്ക് കീഴിൽ കൊണ്ടുവരികയുണ്ടായി. 2016-ൽ റാംനാരായൺ എസ്. റാവുത്തും, കെ. സത്യനാരായണയും കൂടി എഡിറ്റ് ചെയ്യ്ത Dalit Studies, ഒന്നാം വോളിയം ഇറങ്ങിയതോടുകൂടി ദളിത് പഠനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ ഇതേ കാലത്ത് കേരളത്തിലെ അക്കാദമിക സമൂഹത്തിൽ ദളിത് പക്ഷം പിടിച്ചുള്ള സാമൂഹിക ശാസ്ത്ര ഗവേഷണങ്ങൾക്കൊപ്പം ഉയരാനോ വേണ്ടത്ര ഗൗരവമായ ഗവേഷണങ്ങൾ വെളിയിൽകൊണ്ടുവരാനോ സാഹിത്യ മേഖലയ്ക്ക് കഴിഞ്ഞിരുന്നില്ല. അതേപോലെ ജനപ്രിയ എഴുത്തു മേഖലയിലാകട്ടെ കീഴാള പഠനങ്ങളും ദളിത് പഠനങ്ങളും കൂടിക്കുഴഞ്ഞ അവസ്ഥയിലുമായിരുന്നു.

തെക്കേ ഏഷ്യൻ പഠന മേഖലയിൽ കീഴാള പഠനങ്ങൾ പ്രതിനിധാനം ചെയ്ത ചരിത്ര രചനാശാസ്ത്രപരമായ ഇടപെടലുകള്‍ക്കൊത്തുയരാൻ അതേകാലത്ത് സജീവമായിരുന്ന കേരളത്തിലെ അക്കാദമിക് ചരിത്രകാരന്മാർക്ക് കഴിഞ്ഞിരുന്നില്ല എന്ന് മൈക്കിൾ തരകൻ, സനൽ മോഹൻ തുടങ്ങിയവർ നിരീക്ഷിച്ചിട്ടുണ്ട് (തരകൻ 1992,5-9; മോഹൻ 2012, 48-58). പ്രത്യേകിച്ച് ആധുനിക ചരിത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ചരിത്രകാരന്മാർ ഗൗരവമായ രീതിയിൽ ദേശീയ തലത്തിൽ വികസിച്ചു വന്ന ചരിത്ര വൈജ്ഞാനിക മേഖലയിലെ അക്കാദമിക സംവാദങ്ങളിൽ ഭാഗമായിരുന്നില്ല. ദേശീയ പ്രസ്ഥാനങ്ങൾ- അവയുടെ വിവിധ വശങ്ങൾ, കർഷക കലാപങ്ങൾ, തോട്ടം മേഖല തുടങ്ങിയവയിൽ ചുറ്റിത്തിരിഞ്ഞ ആധുനിക ഇടതുപക്ഷ ചരിത്ര രചനകൾ എല്ലാംതന്നെ സാമ്പത്തിക രാഷ്ട്രീയ ഘടനകളെയും പ്രക്രിയകളെയും കൂടുതൽ മനസിലാക്കാൻ മാത്രമാണ് ശ്രമിച്ചിരുന്നത്. അവയ്ക്ക് കേരളത്തിലെ ജാതിയേയും അതിന്‍റെ സങ്കീർണ്ണമായ തലങ്ങളെയും വേണ്ടത്ര വിശദമാക്കാൻ കഴിഞ്ഞില്ല (Kurupu 1996). തന്നെയുമല്ല സർവ്വകലാശാലയിലെ ചരിത്ര സിലബസിൽ സ്ഥാനം നൽകി എന്നല്ലാതെ കീഴാള പഠനങ്ങൾക്ക് നേരെ വിമർശനം ഉന്നയിക്കാനോ, അല്ലെങ്കിൽ അവയോട് കൂട്ടിച്ചേർക്കാനോ കേരളത്തിലെ ചരിത്രകാരന്മാർക്ക് കഴിഞ്ഞിരുന്നില്ല.  തെക്കൻ കേരളത്തിലെ ജാതി-മിഷനറി പ്രസ്ഥാനങ്ങളെക്കുറിച്ചു അന്വേഷണം നടത്തിയ ചരിത്രകാരന്മാർക്ക് അവയെ വേണ്ടത്ര സൈദ്ധാന്തിക പിന്തുണയോടുക്കൂടി അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല (Gladstone 1984). പുരാശേഖരങ്ങളിൽ നിന്നും കുറെയധികം വിവരങ്ങൾ വെളിയിൽകൊണ്ടുവന്ന ഈ ഗവേഷണങ്ങൾക്ക് സ്രോതസുകളോട് വ്യത്യസ്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനോ, ആഗോള മിഷനറി പഠനങ്ങളുമായി അവയെ താരതമ്യം ചെയ്യുന്നതിനോ സാധിച്ചിരുന്നില്ല.

കീഴാള പഠനപദ്ധതിയുടെയും അതു സൃഷ്ടിക്കാനുദ്ദേശിച്ച വിമര്‍ശനാത്മക രാഷ്ട്രീയ ഇടത്തിന്‍റെയും പൂര്‍ണമായ പ്രാധാന്യം ഗ്രഹിക്കാൻ കേരളത്തിലുണ്ടായ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. Subaltern എന്ന പദത്തിന്‍റെ തത്തുല്യ മലയാളമായ കീഴാളർ എന്ന വിവർത്തനവും, അതിൽ ഉൾപ്പെട്ട വിഭാഗങ്ങളും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ആരാണ് കീഴാളൻ എന്ന ചോദ്യം ഒന്നും ഉന്നയിക്കാതെ തന്നെ കേരളത്തിലെ ദളിതരുടെ സാമൂഹിക ലോകത്തിനെ കീഴാള ചരിത്രം എന്ന പട്ടികയിൽപ്പെടുത്തി നിർവ്വചിക്കുകയായിരുന്നു തുടക്കം മുതലെ. മറ്റൊരു രീതിയിൽ പറഞ്ഞാൽ കീഴാളർ, അടിയളർ തുടങ്ങിയ പദങ്ങൾ പെട്ടെന്ന് സൂചിപ്പിക്കുന്നത് കീഴാളജാതി സമുദായങ്ങളായ ദളിതരെയെന്നതായിരുന്നു കേരളത്തിലെ അടിസ്ഥാന പ്രതിസന്ധി (മോഹൻ 2012, 49). മാത്രമല്ല നിലവിലെ  ചരിത്ര മാതൃകകളോടു മൗലികമായ ചോദ്യങ്ങൾ ഒന്നും ഉന്നയിക്കാതെ എഴുതപ്പെട്ട കേരളത്തിലെ ജനപ്രിയ രചനകൾക്ക് ആധികാരികമായ പുരാശേഖര പിന്തുണ ഒട്ടും തന്നെ ഇല്ലായിരുന്നു. ബദൽ ചരിത്ര രചനകൾ എന്ന ലേബലിൽ ദളിതനുഭവങ്ങളെ പലപ്പോഴും കീഴാള പഠനമെന്ന രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ബഹുഭൂരിപക്ഷത്തിലും. കേരളത്തിന്‍റെ കീഴാള ചരിത്രത്തെക്കുറിച്ചു ചിന്തിക്കുന്നവർ ദളിതരുടെ സാമൂഹ്യവും, മാനസികവുമായ അനുഭവലോകങ്ങള്‍ കണക്കിലെടുത്തുവേണം ഒരു വിമര്‍ശനാത്മക ചരിത്രവിജ്ഞാനം രൂപപ്പെടുത്തേണ്ടതെന്നു തുടക്കത്തിലെ തന്നെ ചില സാമൂഹ്യശാസ്ത്രജ്ഞര്‍ വാദിച്ചു (തരകൻ 1992, 6). എന്തുതന്നെയായാലും കേരളത്തിലെ ദളിത് ചരിത്രവും, കീഴാള പഠനങ്ങളും കൂടിക്കുഴയുകയും ചില സാമൂഹ്യ പ്രസ്ഥാനങ്ങളും അവരുടെ ചരിത്രകാരന്മാരും ധാരാളം തെറ്റിദ്ധാരണകള്‍ എഴുതിക്കൂട്ടുകയും ഉണ്ടായി. 

ദളിത് ചരിത്രം എന്നത് നേതാവിന്‍റെയും ചില സാമൂഹിക പ്രസ്ഥാനങ്ങളുടെയും രേഖീയമായ ചരിത്രം അവതരിപ്പിക്കുന്നതോ, ‘പീഡനങ്ങളുടെയും, ഓർമ്മകളുടെയും’  പട്ടിക നിരത്തുന്നതോ അല്ല; മറിച്ച്, ഒഴിവാക്കലുകള്‍ നിറഞ്ഞ ചരിത്ര രചനാ പദ്ധതികളിൽ ജാതി രൂപപ്പെടുത്തിയ സാമൂഹ്യാനുഭവങ്ങളെയും, വ്രണിത ഭൂതകാലത്തെയും വിമർശനപരമായി എഴുത്തിലൂടെ അവതരിപ്പിക്കുക എന്നതാണ് ദളിത് ചരിത്ര രചനയുടെ ധർമ്മം. ഈ വിമർശനപരമായ എഴുത്തുകൾ എന്നത് നിലവിലെ മുഖ്യധാരാ ചരിത്ര പദ്ധതികളുടെ സ്രോതസ്സുകളോടും സൈദ്ധാന്തികതയോടും മൗലികമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതും അവയുടെ അതിർവരമ്പുകൾ കാട്ടിത്തരുന്നതമായിരിക്കും. ദളിത് ചരിത്ര രചനകളിലൂടെ വികസിക്കപ്പെടുന്നതും വിമർശനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതുമായ സംജ്ഞകൾ സാമ്പ്രദായിക ചരിത്ര രചനകളിൽ വേണ്ടത്ര പ്രധാനം ലഭിക്കാത്ത ഭൂതകാല അനുഭവങ്ങളാണ് എന്നതാണ് അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജാതിയും, ജാതീയ പീഡനവും കേരളത്തിലെ ദളിതരുടെ സാമൂഹ്യാനുഭവമാണ്. ഇതിനെ പറയാതെയും വിശകലനം ചെയ്യാതെയും ദളിത് ചരിത്ര രചന സാധ്യമല്ല. കേരളത്തിൽ ഇത്തരം ഒരു വിമർശനാത്മക ചരിത്ര മാതൃക മുൻപോട്ടുവെച്ചതിൽ  ടി.എം. യേശുദാസന്‍റെ ദലിത് പഠനങ്ങള്‍ക്കൊരു മുഖവുരയിലേക്ക് (1993) എന്ന ലഘുഗ്രന്ഥത്തിന്‍റെ പങ്ക് വളരെ വലുതാണ്. ദളിത് പഠനങ്ങൾ എങ്ങനെ ഒരു വിജ്ഞാന ശാഖയായി കേരളത്തിൽ വികസിപ്പിക്കാമെന്നുള്ള ആലോചനയാണ് ഈ ചെറു പുസ്തകത്തിലൂടെ ടി. എം. യേശുദാസൻ നടത്തുന്നത്. ഈ ജ്ഞാനമേഖലയിൽ അന്വേഷണവിധേയമാകേണ്ട കാര്യങ്ങൾക്ക് ഒരു മുഖവുരയും ചില സമീപനരീതികളെയും പരിചയപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

സ്വാതന്ത്ര്യാനന്തര കേരളത്തിൽ നിരവധി ദളിത് നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രങ്ങൾ പുസ്തകരൂപത്തിലാക്കുകയുണ്ടായി. എന്നാൽ അവയിൽ ബഹുഭൂരിപക്ഷവും പുരാശേഖര പിന്തുണയുടെ കാര്യത്തിലും, നേതാവിനെയും പ്രസ്ഥാനത്തിനെയും ഇതര സാമൂഹിക ബന്ധങ്ങളിൽ കണ്ണിചേർക്കുന്നതിലും നിരവധി ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. മാത്രമല്ല മുഖ്യധാരാ ചരിത്ര രചനകളിലെ വിടവുകളെ നികത്താനുള്ള ശ്രമമാണ് ഇവരിൽ വ്യാപകമായും കാണപ്പെട്ടത്. ദളിത് ജീവിതാനുഭവങ്ങളോട് പുതിയ ചോദ്യങ്ങൾ ഒന്നും ഉന്നയിക്കാത്ത ഈ മാതൃകകൾ ഒന്നുംതന്നെ  ദളിത് ചരിത്രം എന്ന വിജ്ഞാന ശാഖയുടെ വളർച്ചയെ കാര്യമായി സഹായിച്ചിരുന്നില്ല. ദളിത് വ്യക്തികളെ കേന്ദ്രീകരിച്ചു ചില എഴുത്തുകൾ പൊതുമണ്ഡലത്തിൽ പ്രവേശിച്ചെങ്കിലും അവയിൽ നിന്നും വേറിട്ട ഒരു ആഖ്യാന മാതൃക ശ്രീജിത്ത് പൈതലേൻ തയ്യാറാക്കിയ എന്‍റെ ജീവിതം (കല്ലേൻ പൊക്കുടന്‍റെ ആത്മകഥ) (2010) എന്ന പുസ്തകത്തിൽ കാണാൻ സാധിക്കുന്നുണ്ട്. പകർത്തിയെഴുത്തിലെ വ്യക്തതയും, അനുബന്ധമായി ചേർത്ത പൊക്കുടന്‍റെ ഭാര്യ മീനാക്ഷിയുടെ ഓർമ്മയും ഈ പുസ്തകത്തിനെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിരത്തുന്നുണ്ട്. ഡോ. രേഖാ രാജിന്‍റെ ചില അന്വേഷണങ്ങൾ, പ്രത്യേകിച്ച് ‘Dalit Women as Political Agents: A Kerala Experience’ (2013) എന്ന പഠനം കേരളത്തിലെ ദളിത് സ്ത്രീകളുടെ സാമൂഹിക അനുഭവങ്ങളെ പുതുക്കി വായിക്കുന്ന ഒന്നാണ്. എന്നാൽ ഇപ്പോഴും ജനപ്രിയ മേഖലയിലെ ദളിത് എഴുത്തുകൾ കൂടുതലും വികസിച്ചുവരുന്നത് ദളിത് നേതാക്കൾ, സമരങ്ങൾ തുടങ്ങിയവയെ ചുറ്റിപ്പറ്റി തന്നെയാണ്.. എന്നാൽ സമീപകാലത്തായി ഇതിൽ നിന്നും വേറിട്ട് പ്രാദേശിക ചരിത്ര രചന, കുടുംബ ചരിത്രം എന്നീ മാതൃകകളിലേക്ക് കേരളത്തിലെ ദളിത് ചരിത്ര രചനകൾ മാറുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. ഇതിൽ എടുത്ത് പറയേണ്ട രണ്ട് പുസ്തകങ്ങളാണ് കോട്ടയത്തെ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ IUCSSRE 2017 -ൽ പ്രസിദ്ധീകരിച്ച ഒരു ഗ്രാമം നൂറ് ഓർമ്മകൾ എന്ന പുസ്തകവും, തിരുവനന്തപുരത്തെ കേരള ചരിത്ര ഗവേഷണ കൗൺസിൽ 2018-ൽ പ്രസിദ്ധീകരിച്ച തെക്കേതിൽ കുടുംബ ചരിത്രവും.

ജീവിതാഖ്യാനങ്ങളിലൂടെ ഒരു പ്രാദേശിക ചരിത്രം

ഒരു പ്രദേശത്ത് നടന്ന പ്രക്രിയകളുടെയും ജനജീവിതത്തിന്‍റെയും രേഖയാണ്, അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള ആഖ്യാനമാണ് പ്രാദേശിക ചരിത്രമെന്ന് നമുക്ക് വിവക്ഷിക്കാം. ഈ ചരിത്രരചനാ രീതി കേരളത്തിൽ വളരെവേഗം പ്രചാരം നേടിയതിൽ  കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് (1996-2001) കാര്യമായ പങ്കുണ്ട്. ഇവർ പ്രാദേശിക ചരിത്രമെഴുത്തുപദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചു. കേരളത്തിലെ പഞ്ചായത്തുകളുടെ പ്രാദേശിക, ഗ്രാമചരിത്രം ഉള്‍പ്പെടുന്ന ഒരു മനുഷ്യ-പ്രകൃതിവിഭവ രജിസ്റ്റര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഇത് വേഗം പ്രചാരത്തിലായി. എന്നാല്‍ ഇതിന്‍റെ ഫലമായി അച്ചടിച്ചിറങ്ങിയ പഞ്ചായത്ത് ചരിത്രങ്ങളിൽ ദളിതരുടെ ചരിത്രമില്ലായ്മയാണ് കാണാന്‍ കഴിഞ്ഞത്. ദളിതരുടെ വാസസ്ഥലചരിത്രമോ, അടിമത്ത സ്മരണകളോ തുടങ്ങിയവയൊന്നും വേണ്ടവിധം രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ചരിത്രരചനയിലൂടെ ഒരു ദേശത്തിനെ തിരിച്ചറിയാനുള്ള ശ്രമത്തിനിടയിൽ നിന്നും ദളിതരെ ഒഴിവാക്കി നിര്‍ത്തിയുള്ള വിശകലനമാണ് അരങ്ങേറിയത്. എന്നാൽ ഇതേകാലത്ത് പ്രാദേശിക മേഖലയുടെ ചരിത്രവുമായി വിവിധ ദളിത് ക്രിസ്ത്യൻ പ്രസ്ഥാനങ്ങൾ രംഗത്തെത്തുകയുണ്ടായി. ഉദാഹരണമായി കേരളത്തിൽ പ്രവർത്തിച്ചിരുന്ന രക്ഷാ സൈന്യ സഭ അവരുടെ നൂറ് വർഷത്തെ ചരിത്രം പ്രസിദ്ധീകരിച്ചത് പ്രാദേശിക മേഖലയിൽ നില്‍ക്കുന്ന ഓര്‍മ്മകളുടെയും, സംഭവങ്ങളുടെ വിശദമായ വിവരണത്തിലൂടെയായിരുന്നു (കേരള രക്ഷാസൈന്യചരിത്രം 1896-1996). അതേപോലെ റ്റി.ഡി. മത്തായി തുണ്ടത്തില്‍ എഴുതിയ അടൂര്‍ മിഷനും, സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയും (2010) എന്ന ഗ്രന്ഥം അടൂർ മേഖലയിലെ സഭാചരിത്രത്തിനെയും, സഭയുടെ നേതൃത്വത്തില്‍ ഉണ്ടായ വികസനപദ്ധതികളുടെ ചരിത്രത്തേയും രേഖപ്പെടുത്തിയിരിക്കുന്നു. ദളിതരുടെ നിരവധി പ്രസ്ഥാനങ്ങൾ അവരുടെ പ്രാദേശിക അനുഭവങ്ങളെ ചരിത്ര പുസ്തകങ്ങളിലാക്കി അവതരിപ്പിക്കുകയുണ്ടായി. ആധികാരികത കുറവാണെങ്കിലും പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ പ്രാദേശിക ചരിത്ര രചനകൾ വാമൊഴികളെ വ്യാപകമായി ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ വിധ ജനവിഭാഗങ്ങളുടെ ഇടയിലും വ്യാപകമായി നിലനിൽക്കുന്ന ഒരു എഴുത്ത് രീതിയായിരുന്നു പ്രാദേശിക ചരിത്ര രചനകൾ എന്നത്. കേരള ചരിത്ര ഗവേഷണ കൗൺസിൽ പോലുള്ള സ്ഥാപനങ്ങൾ ഇത്തരം ചരിത്ര പുസ്തകങ്ങളുടെ ശേഖരണത്തിൽ മുൻപന്തിയിലുമാണ്. എന്നാൽ നിലവിലെ പ്രാദേശിക ചരിത്ര രചനകളിൽ നിന്നും വേറിട്ട് ആത്മകഥാഖ്യാനത്തിലൂടെ പ്രാദേശിക ചരിത്രം അവതരിപ്പിച്ചിരിക്കുന്ന പുസ്തകമാണ് ഒരു ഗ്രാമം നൂറ് ഓർമ്മകൾ. ഒരു ഗ്രാമ നിവാസികൾ അവരെ കുറിച്ചും അവരുടെ അയൽക്കാരെയും കുറിച്ചെഴുതിയ പുസ്തകമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

കോട്ടയം ജില്ലയിലെ ആർപ്പൂക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മഞ്ചാടിക്കരി എന്ന സ്ഥലത്ത് 2011-12 വർഷങ്ങളിലായി നടത്തപ്പെട്ട Praxis Intervention Research with the Dalit Christians and Other Marginalized Communities of Manchadikkari എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച എൺപത്തിനാല് ദളിത് ജീവിതാഖ്യാനങ്ങളാണ് ഒരു ഗ്രാമം നൂറ് ഓർമ്മകൾ എന്ന പുസ്തകത്തിന്‍റെ കാതൽ.  ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പി. സനൽ മോഹനാണ്. ദളിതർ മാത്രം പങ്കെടുത്ത ഈ ഗവേഷണ പദ്ധതിയിൽ  ഇരുപത്തിയഞ്ച് സ്ത്രീ-പുരുഷന്മാരായിരുന്നു അംഗങ്ങളായത്. ഇവരുടെ ആത്മകഥാപരമായ വീക്ഷണത്തിലൂടെയാണ് ഗവേഷണം ക്രമമായി നടത്തപ്പെട്ടത്. ദളിത് ആത്മകഥ/ ജീവചരിത്രത്തിലൂടെ ഒരു ഗ്രാമത്തിന്‍റെ സാമൂഹിക മാറ്റവും, ജന-ജീവിതത്തിലെ ചില മുഹൂർത്തങ്ങളെയുമാണ് ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. കേവലം വ്യക്തിഗത അനുഭവങ്ങൾ മാത്രം പങ്കുവെയ്ക്കുന്ന ഇവയുടെ പ്രസക്തി വളരെ വലുതാണ്. ആവർത്തനങ്ങൾ നിരവധി ഉണ്ടെങ്കിലും മഞ്ചാടിക്കരി എന്ന ഗ്രാമത്തിലെ ദളിത് ജീവിതങ്ങൾ അടയാളപ്പെടുത്തിയ ചരിത്രം മുഖ്യധാരാ ചരിത്ര രചനകൾക്കും സാമ്പ്രദായിക ചരിത്ര മാതൃകകൾക്കും മേൽ ചില മൗലീക ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. കേരളത്തിന്‍റെ സാമൂഹികചരിത്രത്തിൽ ദളിത് ജീവിതങ്ങളുടെ പങ്കിനെയാണ് ഈ പുസ്തകം അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പറയപ്പെടുന്ന ജീവിതങ്ങളിൽ നേർപകുതി ദളിത് സ്ത്രീ ജീവിതങ്ങളുടെ ഗാർഹിക, സാമൂഹിക അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ്. ഇതാകട്ടെ പുരുഷ കേന്ദ്രകൃത്യമായ ദളിത് ജീവിത മണ്ഢലത്തിനോട് കലഹിക്കുന്നതുമാണ്. ഈ പുസ്തകത്തിലൂടെ പറയുന്ന ദളിതരുടെ ദൈനംദിന ജീവിതങ്ങളും, സ്‌കൂൾ ജീവിതവുമെല്ലാം നിരവധി ചോദ്യങ്ങളാണ് പൊതുസമൂഹത്തിനോടും കേരള മോഡൽ വികസന പദ്ധതികളോടും ചോദിക്കുന്നത്. ഈ പുസ്തകത്തിലൂടെ കാണിച്ചിരിക്കുന്ന കൂട്ടായ എഴുത്തു മാതൃക പ്രാദേശിക മേഖലയിൽ നിന്നും പുതിയ ഉപാദാനങ്ങളെ കണ്ടെടുക്കാൻ സാധ്യത ഉള്ളതാണ്. സാമ്പ്രദായിക ചരിത്രകാരന്മാർ വിലകുറഞ്ഞതെന്നും നിസാരമെന്നും കരുതുന്ന ഇത്തരം അനുഭവങ്ങൾ ചരിത്ര രചനയുടെ ഭാഗമാക്കപ്പെടുന്ന ഇടത്തിലാണ് ചിത്രമെന്ന വിജ്ഞാനശാഖ പുതുക്കപ്പെടുന്നത്. എന്നാൽ ഇതിന് സമമായ മറ്റൊരു കൂട്ടം എഴുത്തുകൾ ഇപ്പോൾ ദളിതരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. കുടുബ ചരിത്രങ്ങൾ എന്ന ശാഖയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ചരിത്ര രചനകളുടെ സാമൂഹിക അന്തരീക്ഷം വിട്ടുകളയാവുന്നതല്ല.

ദളിത് കുടുംബചരിത്രങ്ങൾ

ടി. കെ. എബ്രഹാം എഴുതിയതും . പി. സനൽ മോഹൻ എഡിറ്റ് ചെയ്തതുമായ തെക്കേതിൽ കുടുംബ ചരിത്രം 2018-ൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ദളിത് കുടുംബ ചരിത്രങ്ങളുടെ പ്രസക്തി, സ്വഭാവം, സ്രോതസുകൾ തുടങ്ങിയവയെക്കുറിച്ചു സനൽ മോഹൻ ദീർഘമായ ഒരു അവതാരികയും ഇതിൽ എഴുതിയിട്ടുണ്ട്. കേരളത്തിനെ സംബന്ധിച്ചു ഈ ചരിത്ര രചന എന്നത് തികച്ചും പുതുമയുള്ളതും സാമൂഹിക ചരിത്ര രചനകൾക്ക് ഒരു വിമർശനവും കൂടിയായിരുന്നു.  ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ ചുരുക്കം ചില ദളിത് കുടുംബ ചരിത്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ഏറ്റുവും ശ്രദ്ധേയമായത് കുഞ്ഞുകുട്ടി കൊഴുവനാല്‍ എഴുതിയ ആനിക്കാട് ആദിമജനതയും ലഘുചരിത്രവും (2006) ആണ്. ഈ പുസ്തകത്തിലൂടെ, അറുപത്തിയൊന്നു ദലിത് കുടുംബചരിത്രങ്ങള്‍ കണ്ടെത്തുകയും, 'ഫാമിലി ട്രീ' ആയി അവയെ രേഖപ്പെടുത്തുകയും ഉണ്ടായി. അതേപോലെ സി. ഐ. സോമൻ ചിറമാട്ടയിൽ എഴുതിയ ചരിത്ര പ്രാധാന്യമുള്ള വാകത്താനവും മങ്ങാടൻമാരും (2010) എന്ന കുടുംബ ചരിത്രം മറ്റൊരു ഉദാഹരണമാണ്. കാർഷിക അടിമത്തം, വേർപെടുത്തപ്പെട്ട ദളിത ജീവിതങ്ങളുടെ ആവിഷ്ക്കാരം, വ്യത്യസ്തമായ തൊഴിലിടങ്ങൾ, ക്രിസ്തുമത പരിവർത്തനം, കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ, പെന്തകോസ്ത് സംഘങ്ങൾ തുടങ്ങി വിവിധങ്ങളായ സാമൂഹിക സാഹചര്യങ്ങളാണ് ദളിത് കുടുംബ ചരിത്രങ്ങളിൽ വിവരിക്കപ്പെടുന്നത്. ഇവയെല്ലാം നിലവിലെ ചരിത്ര വാർപ്പുമാതൃകകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുമല്ല. കുഞ്ഞുകുട്ടി കൊഴുവനാൽ പോലുള്ളവരുടെ എഴുത്തുകൾ നിലവിലെ ദളിത് ചരിത്ര രചയിതാക്കൾ പിന്തുടർന്നുവരുന്ന എഴുത്ത് മാതൃകയിൽ നിന്നും മാറിയാണ് സഞ്ചരിക്കുന്നത്. ദളിത് നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രം മാത്രം പറഞ്ഞുകൊണ്ടിരുന്ന അല്ലെങ്കിൽ ബ്രിഹത് ചരിത്രങ്ങളിൽ ദളിതർക്ക് സ്ഥാനം നൽകാനുള്ള ശ്രമങ്ങൾ മാത്രം ദളിത് എഴുത്തുകാർ നടത്തിയിരുന്ന കാലത്താണ് ദളിത് കുടുംബങ്ങളിലെ സാധാരണ ജീവിതങ്ങളുടെ സാമൂഹിക ചരിത്രം പറഞ്ഞുകൊണ്ട് ഇദ്ദേഹം രംഗത്ത് വരുന്നത്. ഇതാകട്ടെ ദളിതരുടെ കുടുംബ ബന്ധം, വിശ്വാസം, തൊഴിൽ, കുടിയേറ്റം തുടങ്ങിയ ജീവിത പരിണാമ ദിശകളെ നേരിട്ട് വെളിപ്പെടുത്തുന്ന ആഖ്യകളായിരുന്നു. ഇവയ്ക്ക് നേതാക്കളുടെ ചരിത്രം നെയ്യ്‌തെടുക്കണമെന്നോ, വലിയ ചരിത്രങ്ങളുടെ ഭാഗമായി നിൽക്കണമെന്നോ ഇല്ലായിരുന്നു. കുഞ്ഞുകുട്ടി കൊഴുവനാലിനു പറയാനുള്ളത് സാധാരണ മനുഷ്യരുടെ ജീവിതവും അതിലെ മാറ്റങ്ങളുമായിരുന്നു. ദളിതരുടെ കുടുംബ സങ്കല്പങ്ങളെ കൂടുതൽ തെളിമയോട് അവതരിപ്പിക്കുന്ന ഇത്തരം രചനകൾ ദളിത് ചരിത്രങ്ങളുടെ സങ്കീർണ്ണതകളിലേക്കാണ് കടന്നു ചെല്ലുന്നത്.

ദളിത് പക്ഷം പിടിച്ചുകൊണ്ടുള്ള ജനപ്രിയ എഴുത്തുകൾ മുഖ്യധാരാ ചരിത്രമെഴുത്തിലുണ്ടായ വിടവുകളെ നികത്താനുള്ള ശ്രമങ്ങളാണ് പലപ്പോഴും നടത്തുന്നതെങ്കിലും ഇത് ചരിത്ര രചനകളെ സജീവമാക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ഓര്‍മ്മകളെയും, അനുഭവങ്ങളെയും എഴുത്ത് രൂപത്തിലാക്കിയ, അക്കാദമിക പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത ഇവരുടെ എഴുത്തുകളാണ് പുതിയ സ്രോതസ്സുകൾ തുറക്കുന്നത്. ഏറ്റവും അടിത്തട്ടില്‍ നിന്നും രൂപംകൊള്ളുന്ന ഇവരുടെ എഴുത്തുകളെ കൂടുതൽ  അന്വേഷണവിധേയമാക്കുന്ന ജോലിമാത്രമാണ് പലപ്പോഴും ഗവേഷണ വിദ്യാർത്ഥികൾ ചെയ്തുവരുന്നത്. കീഴ്ത്തട്ടില്‍ രൂപംകൊണ്ട ഇവരുടെ എഴുത്തുകളെ വായിക്കാതെ ഒരിക്കലും ദളിത് ചരിത്രപഠനം സാധ്യമല്ല. ജനപ്രിയ ചരിത്രങ്ങളുടെയും, അക്കാദമിക ചരിത്രങ്ങളുടെയും ഒന്നു ചേര്‍ന്നുള്ള ഒരു തലത്തിലാണ് ദളിത് ചരിത്രം നിര്‍വ്വചിക്കപ്പെടുന്നത്. ഇതാകട്ടെ ദളിത് ജീവിതങ്ങളിൽ അരങ്ങേറുന്ന വിവിധങ്ങളായ സംഭവങ്ങൾക്ക് പുത്തൻ പരിപ്രേക്ഷ്യം  നൽകുന്നതുമാണ്.

 

Reference 

എബ്രഹാം, ടി.കെ., പി. സനൽ മോഹൻ (എഡി). 2018.  തെക്കേതിൽ കുടുംബചരിത്രം. തിരുവനന്തപുരം:  കേരള ചരിത്ര ഗവേഷണ കൗൺസിൽ.

ചരിത്ര രചനാസമിതി. 1998. കേരള രക്ഷാസൈന്യ ചരിത്രം: പോരാട്ടത്തിന്റെ നൂറ് വർഷങ്ങൾ (1896- 1996) . തിരുവനന്തപുരം: രക്ഷാസൈന്യം.

ചിറമാട്ടയിൽ, സി. ഐ. സോമൻ. 2010. ചരിത്ര പ്രാധാന്യമുള്ള വാകത്താനവും മങ്ങാടൻമാരും. കുറിച്ചി: ആറുപറ.

കൊഴുവനാൽ, കുഞ്ഞുകുട്ടി. 2006. ആനിക്കാട് ആദിമ ജനതയും ലഘു ചരിത്രവും. ആനിക്കാട്: ഇന്ത്യൻ എഡ്യൂക്കേഷണൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി.

Kurup, K.K.N. 1996. New Dimensions in South Indian History. Calicut: Calicut Association for the Peasant Study

Gladstone, J. W.1984. Protestant Christianity and People’s Movements in Kerala. Trivandrum: Seminary Publications.

മോഹൻ, സനൽ. 2012. കീഴാള പഠനവും ദളിത് ചരിത്രവും. സമകാലിക മലയാളം, 25 മെയ്യ്.  48-58.

Mohan, P. Sanal. 2015.  Modernity of Slavery: Struggles against Caste Inequality in Colonial Kerala. New Delhi: Oxford University Press. 

മോഹൻ, സനൽ, പി.മധു (എഡി). 2017. ഒരു ഗ്രാമം നൂറ് ഓർമ്മകൾ. കോട്ടയം:  IUCSSRE.

പൈതലേൻ, ശ്രീജിത്ത്. 2010. എന്‍റെ ജീവിതം കല്ലേൻ പൊക്കുടൻ. കോട്ടയം: ഡി. സി. ബുക്ക്സ്

Raj, Rekha.  2013. Dalit Women as Political Agents: A Kerala Experience. EPW 48(18)  May.56-63

Rawat, Ramnarayan. 2011. Reconsidering Untouchability: Chamars and Dalit History in North India. Bloomington, IN: Indiana University Press.  

Satyanarayana, K. 2012. Categories of Caste, Class, and Telugu Dalit Literature, Ashcroft, Bill, Ranjini Mendis, Julie McGonegal, and Arun Mukherjee, eds.  Literature for Our Times. Leiden : Brill. pp.443-465.

തരകൻ, മൈക്കിൾ. 1992. കേരള ചരിത്രത്തിനൊരു അടിയാളർ വീക്ഷണം. ജയകേരളം, ഒക്ടോബ .5 –9. 

തുണ്ടത്തില്‍, റ്റി.ഡി. മത്തായി. 2010.  'അടൂര്‍ മിഷനും, സി.എസ്.ഐ മദ്ധ്യകേരള 

മഹായിടവകയും.അടൂർ : ഇവാഞ്ചലിസ്റ്റ് ഡേവിഡ് മാത്യു.

യേശുദാസൻ,  ടി.എം.1993. ദലിത് പഠനങ്ങള്ക്കൊരു മുഖവുരയിലേക്ക്. ചങ്ങനാശേരി: അഗ്ര സചിവോത്തമപുരം.

 

About the Author: Vinil Paul is currently pursuing his doctoral research at the Centre for Historical Studies, Jawaharlal Nehru University, New Delhi. He has worked on the area of ‘Slavery’ and its abolition in south west India. Through his work he has looked at how British rule globalised Kerala slavery, the transportation of slaves from Kerala to other countries and the association of the region within the Trans Atlantic slave trade or ‘Indian Ocean World’ trade. Another major area of his academic interest is the study Dalit Christians, especially their changing life styles, songs, language in Kerala. One of his recent publications was Paul, Vinil Baby. 2019. “‘In His Radiance I Would Be Cleared of My Black Colour:’ Life and Songs of Dalit Christians in Colonial Kerala.”  Nidān: International Journal for Indian Studies 4 (1): 141–58. He has written  a number of articles for  Malayalam magazines. He may be contacted at: vinilbabypaul76@gmail.com