സ്‌ഥാപനഘടന

സാമൂഹ്യ ശാസ്ത്രത്തിലെ ചരിത്രം, പുരാവസ്തുശാസ്ത്രം തുടങ്ങി ഇതരവിഷയങ്ങളിലും ഗവേഷണാധിഷ്ഠിതമായ പ്രതിബദ്ധത നിലനിർത്തുന്ന ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമാണ് കേരള ചരിത്ര ഗവേഷണ കൗൺസിൽ (Kerala Council fo Historical Research - KCHR). ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കേരള സർവകലാശാലയുടെ ഒരു അംഗീകൃത ഗവേഷണ കേന്ദ്രവുമാണ്. തിരുവനന്തപുരത്തുള്ള വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആണ് കെ.സി.എച്ച്.ആർ സ്ഥിതി ചെയ്യുന്നത്. ഗവേഷണം, പ്രസിദ്ധീകരണം, രേഖ വിശകലനം, പരിശീലനം, ഏകോപനം എന്നിവയാണ് കെ.സി.എച്ച്.ആറിൻ്റെ പ്രധാന പ്രവർത്തന മേഖലകൾ.

ഉദ്ദേശ ലക്ഷ്യങ്ങൾ 

ഡയറക്ടറുടെയും ചെയർ പേഴ്സണിൻ്റെയും  മാർഗനിർദ്ദേശത്തോടു കൂടി പ്രവർത്തിക്കുന്ന കെ.സി.എച്ച്.ആറിൻ്റെ പ്രധാന ലക്‌ഷ്യം ചരിത്രത്തിൻ്റെയും മറ്റു സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെയും ഗവേഷണം, അക്കാദമിക പ്രവർത്തനങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് . ദേശീയവും അന്തർ-ദേശീയവുമായ  ഗവേഷണ വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനായി സമഗ്രമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കുന്നതിനും കെ.സി.എച്ച്.ആർ ശ്രമിക്കുന്നു. ഈ ലക്‌ഷ്യം മുന്നിൽകണ്ട് കേരളസമൂഹത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ജേർണലുകളും സഹായക ഗ്രന്ഥങ്ങളും കെ.സി.എച്ച്.ആറിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. 

കെ.സി.എച്ച്.ആർ ഉന്നതനിലവാരത്തിലുള്ള ഹ്രസ്വകാല കോഴ്സുകളും ഫെല്ലോഷിപ്പുകളും ഇന്റേൺഷിപ്പുകളും നൽകുന്നുണ്ട്. ചരിത്രപരമായ ഗവേഷണത്തത്തിനുള്ള വിവിധ ഫെല്ലോഷിപ്പുകളും സ്പോൺസർഷിപ്പുകളും കെ.സി.എച്ച്.ആർ നൽകുന്നുണ്ട്. സാമൂഹ്യ ശാസ്ത്രത്തിലെ ഗവേഷണ വിഷയങ്ങളിലെ വ്യത്യസ്ത മേഖലകളെ സംബന്ധിച്ച സെമിനാറുകളും ശിൽപ്പശാലകളും കൂടിയാലോചനകളും കെ.സി.എച്ച്.ആറിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. കെ.സി.എച്ച്.ആർ സർക്കാർ നിർദേശിക്കുന്ന പദ്ധതികൾ ഏറ്റെടുക്കുന്നത് കൂടാതെ ചെയ്തിട്ടുള്ള 34  ഗവേഷണ പദ്ധതികളുടെ പ്രസിദ്ധീകരണവും നടത്തിയിട്ടുണ്ട്.

ഉന്നത നിലവാരത്തിലുള്ള പദ്ധതികളായ ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ്, പട്ടണം പുരാവസ്തു ഗവേഷണം, ചരിത്ര അന്വേഷണ യാത്രകൾ, മലയാളികളുടെ കുടുംബ ചരിത്രവും ജീവചരിത്രവും അടങ്ങുന്ന ആർക്കൈവ്, വാമൊഴി ചരിത്രപദ്ധതികൾ, പഞ്ചായത്ത് വിജ്ഞാനീയം, മലയാളികളുടെ കുടിയേറ്റവും കുടിയേറ്റ സമൂഹവും, കേരളത്തിലെ സ്ത്രീകളുടെ  ജീവചരിത്രരചന,  കേരളത്തിലെ ആദിവാസികളുടെയും ദളിതരുടെയും ജീവചരിത്രരചന കൂടാതെ കേരളത്തിലെ നവോത്‌ഥാന നായകരെ ക്കുറിച്ചുള്ള ഡാറ്റാബേസ് നിർമ്മിക്കുക എന്നിവയാണ് കെ.സി.എച്ച്.ആർ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ. 

സ്ഥാപന ഘടന 

പേട്രൻസ് കൗൺസിൽ, അഡ്വൈസറി കൗൺസിൽ, എക്സിക്യൂട്ടീവ് കൗൺസിൽ എന്നിങ്ങനെ മൂന്നു നിരയിലായിട്ടുള്ള നേതൃത്വം സ്ഥാപനത്തിന് ദൃഢതയും കാര്യപ്രാപ്തിയും പ്രദാനം ചെയ്യുന്നു. കെ.സി.എച്ച്.ആറിൻ്റെ പ്രധാന രക്ഷാധികാരിയായ കേരളത്തിൻ്റെ ആദരണീയനായ ഗവർണ്ണറും  കേരളത്തിൻ്റെ ആദരണീയനായ മുഖ്യമന്ത്രിയും കൂടാതെ മറ്റു രാഷ്ട്രീയ പ്രമുഖരും അടങ്ങുന്നതാണ് പേട്രൻസ് കൗൺസിൽ. എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളും സർക്കാർ പ്രതിനിധികളും അടങ്ങുന്നതാണ് അഡ്വൈസറി കൗൺസിൽ. കേരളത്തിലെ പ്രമുഖരായ ഒൻപതു ചരിത്രകാരന്മാരും ധനകാര്യ വകുപ്പിൻ്റെയും ഉന്നത വിദ്യാഭ്യാസ  വകുപ്പിൻ്റെയും പ്രിൻസിപ്പൽ സെക്രട്ടറിമാരും കേരള പുരാവസ്തു വകുപ്പ്, കേരള പുരാരേഖാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും അടങ്ങുന്നതാണ് കെ.സി.എച്ച്.ആറിൻ്റെ എക്സിക്യൂട്ടിവ് കൗൺസിൽ.

ഏറ്റവും പുതുമയുള്ള ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും സാമൂഹ്യ ശാസ്ത്രവും പുരാവസ്തു ശാസ്ത്രവും വികസിപ്പിക്കുന്നതിനുതകുന്ന ചരിത്ര രചനകൾക്കും സംരംഭങ്ങൾക്കും ഊന്നൽ നൽകുകയും ചെയ്യുന്ന ചരിത്രാന്വേഷികൾക്കും ഗവേഷകർക്കും പഠിതാക്കൾക്കും തുല്യപ്രാധാന്യം നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് കെ.സി.എച്ച്.ആർ.