നിരന്തര ചോദ്യാവലി

പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (PI) എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഒരു ഗവേഷണപദ്ധതിയുടെ രൂപകല്പനയ്ക്കും അത് നടപ്പാക്കുന്നതിനും വേണ്ടി ഗവേഷകർക്ക് നേതൃത്വം നൽകുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (PI). കെ.സി.എച്ച്.ആറിൻ്റെ ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കുന്ന റിസർച്ച് അസിസ്റ്റൻ്റ്  തസ്തികയ്ക്ക് സമാനമല്ല ഇത്. കെ.സി.എച്ച്.ആറിൻ്റെ നിലവിലുള്ള പദ്ധതികൾ, സ്വതന്ത്രമായ പദ്ധതികൾ എന്നിവയിലൂന്നിയ ഒരു വിശദമായ രൂപരേഖ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ തയ്യാറാക്കേണ്ടതുണ്ട്. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് കെ.സി.എച്ച്.ആർ പദ്ധതികളെ ആശയങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കുമായി പരിഗണിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ പദ്ധതിയുടെ രൂപകൽപ്പനയ്ക്കും നടപ്പാക്കുന്നതിനും നേതൃത്വം നൽകേണ്ട വ്യക്തിയാണ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. പദ്ധതിയുടെ പരീക്ഷണ പശ്ചാത്തലങ്ങളെ വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് പദ്ധതി സമയോചിതവും വിജയകരവുമായി നിർവഹിക്കുന്നതിന് കൂടുതൽ ഗവേഷണ സഹായികൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.    

പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകൾ കെ.സി.എച്ച്.ആർ ഫിനാൻസ് വിഭാഗം, കെ.സി.എച്ച്.ആറിൻ്റെ നിയമാനുസൃത ഓഡിറ്റർ, അക്കൗണ്ടൻ്റ്സ് ജനറൽ (കേരളം) എന്നിവരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കാലാനുസൃതമായി അതിസൂക്ഷ്മമതയോടെ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എന്ന നിലയ്ക്ക് നിങ്ങൾക്കുണ്ടായിരിക്കുന്നതാണ്. പൊതുസമൂഹത്തിനു പുതിയൊരു മാതൃക നൽകുവാൻ സഹായിക്കുന്ന ഇത്തരം പദ്ധതികൾ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും.   

പദ്ധതിയുമായി ബന്ധപ്പെട്ട് ശമ്പളവ്യവസ്ഥയിൽ നിയമനങ്ങൾ സാധ്യമാണോ?  

അതെ, എന്നാൽ ഇത് പദ്ധതിയുടെ രൂപരേഖയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഗവേഷണ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിനായി കൂടുതൽ മാനവവിഭവശേഷി ആവശ്യമെങ്കിൽ, അങ്ങനെയുള്ളവർക്കു മാസത്തിൽ 10000/- രൂപയിൽ കൂടാതെയുള്ള പ്രതിഫലം നൽകാവുന്നതാണ്. ഓർമ്മിക്കുക, അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവചിക്കുകയും ഗവേഷണമൂല്യം ഉറപ്പു വരുത്തുകയും ചെയ്തുവേണം പദ്ധതി രൂപരേഖ സമർപ്പിക്കാൻ. ഇത്തരം പദ്ധതികൾ ഉപയോഗപ്രദവും സാംസ്ക്കാരിക ഉന്നമനത്തിനായി ഉപയോഗപ്പെടുന്നതുമായിരിക്കണം. നിങ്ങൾ ഏറ്റെടുക്കുന്ന ചുമതല നമ്മുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് അറിയാൻ വളരെ അപൂർവ്വ അവസരമായി കണക്കാക്കി സത്യസന്ധതയോടും സാമൂഹ്യ പ്രതിബദ്ധതയോടെയുമാണ് ഇത് നടപ്പിലാക്കേണ്ടത്.

വൈവിധ്യങ്ങളായ രീതിശാസ്ത്രത്തെ താങ്കൾക്ക് വിശദീകരിക്കാനാവുമോ? 

വൈവിധ്യങ്ങളായ രീതിശാസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഗവേഷണപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് ആവശ്യമായ മറ്റു ബന്ധപ്പെട്ട വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ്. അറിവ് സൃഷ്ടിക്കുന്നതിനുള്ള ഇത്തരം സമീപനങ്ങൾ, നിലവിലുള്ള ഏകീകൃത ഗവേഷണ നിഗമനങ്ങളെ പുനർവിചിന്തനം ചെയ്യുന്നതിനും ചിലപ്പോൾ തിരുത്തുന്നതിനും സഹായിച്ചേക്കാം. മറ്റ് മേഖലകളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ, രീതികൾ, വൈദഗ്ധ്യം എന്നിവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി കഴിയുന്നത്ര സമഗ്രമായ പദ്ധതികളാണ് കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നത് 

അളക്കുവാൻ സാധിക്കുന്ന ഭൗതികലക്ഷ്യങ്ങൾ എന്നാൽ എന്താണ് ?

ഇത് പദ്ധതികൾക്കനുസൃതമായി മാറിക്കൊണ്ടിരിക്കും. നിങ്ങൾ തയ്യാറാക്കുന്ന പദ്ധതിരൂപരേഖ കേരളത്തിൻ്റെ ചരിത്രപരമായ പൈതൃകത്തെ രേഖപ്പെടുത്തുന്നതിനും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകമായവ ആയിരിക്കണം. നിങ്ങൾ പദ്ധതിയുടെ ലക്‌ഷ്യം പ്രതിബദ്ധതയോടെ പൂർത്തീകരിക്കുന്നതിനായി അനുദിനം, പ്രതിവാരം, പ്രതിമാസ അടിസ്ഥാനത്തിൽ അളക്കുവാൻ സാധിക്കുന്ന ഭൗതികലക്ഷ്യങ്ങൾ നിർവചിക്കേണ്ടിയിരിക്കുന്നു. ഗവേഷണ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനായി ദിവസേന 12 മുതൽ 16 മണിക്കൂർ വരെ കഠിനാധ്വാനം ചെയ്യേണ്ടതായിവരും.   

ഉദാഹരണമായി,ഒരു പഞ്ചായത്ത് വാർഡിലെ ചരിത്രപ്രസക്തമായ രേഖകൾ, അച്ചടിച്ച പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ അഞ്ചുമാസ കാലയളവിനുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക എന്നതാണ് നിങ്ങളുടെ പദ്ധതി രൂപരേഖ എന്ന് കരുതുക. ദിവസേനയുള്ള / ആഴ്ചതോറുമുള്ള ഡിജിറ്റൽ രൂപത്തിലുള്ള വസ്തുക്കളുടെ അളവുകൾ പദ്ധതി രൂപരേഖയിൽ രേഖപ്പെടുത്തണം. ഉചിതമായ ഒരു രൂപരേഖ തയ്യാറാക്കുന്നതിന് നിങ്ങൾക്ക് ഗവേഷണം, ഫീൽഡ് വർക്ക്, സർവേകൾ, സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ചകൾ എന്നിവ ചെയ്യേണ്ടതുണ്ട്.  ഒരു നിശ്ചിത കാലയളവിലെ കർശനമായ ചാർട്ടിങ്  ഇതിന് ആവശ്യമായി വരും. ഡിജിറ്റൽ ശേഖരത്തിൽ പ്രസിദ്ധീകരണങ്ങൾ (അച്ചടിച്ചത് , ഡിജിറ്റൽ) - ദൃശ്യ, ഓഡിയോ റെക്കോർഡിങ്ങുകൾ, ആർട്ട് വർക്കുകൾ, മ്യൂസിയങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ചേർക്കേണ്ടതുണ്ട്.  

ഉപകരണങ്ങൾ വാങ്ങുന്നതിനായി കെ.സി.എച്ച്.ആർ സാമ്പത്തിക സഹായങ്ങൾ നൽകുമോ? 

തീർച്ചയായും. വാങ്ങാൻ ഉദ്ദേശിക്കുന്ന സാധന സാമഗ്രികളുടെ ആവശ്യകത കൃത്യമായും ശാസ്ത്രീയമായും ബോധ്യപ്പെടുത്തി പദ്ധതി രൂപരേഖ പരിശോധിക്കുന്ന വിദഗ്ധസമിതിയുടെ അനുമതിക്ക് വിധേയമായി സാമ്പത്തിക സഹായങ്ങൾ നൽകുന്നതാണ്. വാങ്ങുന്ന ഉപകരണങ്ങളുടെ കൈമാറ്റം / പുനരുപയോഗം (ഗ്രാമീണ ലൈബ്രറികൾക്കോ സ്കൂളിനോ കൈമാറുന്നതിനോ അല്ലെങ്കിൽ ഉചിതമായ മറ്റു മാർഗങ്ങൾ) സംബന്ധിച്ച കൃത്യമായ പരിഹാരങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് ഉണ്ടായിരിക്കണം. പദ്ധതി നടത്തിപ്പിനുള്ള ചിലവുകളും അനുബന്ധ പരിഹാരങ്ങളും അംഗീകരിച്ചു കഴിഞ്ഞാൽ, കെ.സി.എച്ച്.ആറുമായി നിങ്ങൾ ഒരു ഉടമ്പടി ഒപ്പിടേണ്ടതാണ്.