പട്ടണം പുരാവസ്തു ഗവേഷണം

ബഹുവിഷയീ സമീപനം അടിസ്ഥാനമാക്കി കേരളത്തിൽ സംഘടിപ്പിച്ച ആദ്യ സുപ്രധാന ഉത്‌ഖനനമാണ്  പട്ടണം പുരാവസ്തു ഗവേഷണം. എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര പഞ്ചായത്തിൽ വടക്കേക്കര വില്ലേജിൽ കൊടുങ്ങലൂരിനും പറവൂരിനുമിടയ്ക്ക് പെരിയാർ നദീമുഖത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. (N. Lat. 10º 09.434'; E. Long. 76º 12.587'). പുരാതന തുറമുഖമായ മുസിരിസ് / മുചിരി പട്ടിണത്തിൻ്റെ  പ്രമുഖ ഭാഗമായാണ് പട്ടണം കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലേയും യൂറോപ്പിലേയും പ്രാചീന സാഹിത്യ കൃതികളിൽ അന്തർ സമുദ്ര കേന്ദ്രമെന്ന നിലയിൽ പട്ടണം പലയിടത്തും പ്രതിപാദിച്ചു കാണുന്നു. 

പട്ടണം പുരാവസ്തു പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ 

മാനുഷിക മുഖത്തോടെ ശാസ്ത്രീയ പ്രവർത്തനങ്ങൾ എന്നതാണ് പട്ടണം പുരാവസ്തു ഗവേഷണത്തിൻ്റെ ദർശനം. പട്ടണം പുരാവസ്തു ഗവേഷണത്തിൻ്റെ  പ്രധാന ഘടകങ്ങൾ ചുവടെ നൽകുന്നു. 

• ഉത്ഖനനവും പര്യവേക്ഷണവും 

• ഉത്ഖനനാന്തര പഠനങ്ങൾ 

• പുരാവസ്തു ശാസ്ത്രത്തിലും അനുബന്ധ വിഷയങ്ങളിലും ഗവേഷണങ്ങൾ സംഘടിപ്പിക്കുന്ന സമകാലീന ദേശീയ-അന്തർദേശീയ സൈറ്റുകളുമായുള്ള അക്കാദമിക ബന്ധം പുലർത്തുക.  

• പട്ടണം ഉത്‌ഖനനത്തിലൂടെ ലഭിച്ച വസ്തുക്കളുടെ ഡിജിറ്റൽ ഡാറ്റാബേസ് നിർമ്മിക്കുക. 

• സാമൂഹിക പങ്കാളിത്തത്തോടെ ഉത്‌ഖനന സൈറ്റ് സംരക്ഷിക്കുക.  

• സൈറ്റ് ഇൻ്റർപ്രെറ്റേഷൻ  സെൻ്റർ , മുസിരിസ് ചിൽഡ്രൻസ് മ്യൂസിയം, ആർക്കിയോളജിക്കൽ പാർക്ക് , ഇമാജിനേറിയം തുടങ്ങിയവ സജ്ജമാക്കുക.

• ഹരിത പുരാവസ്തുശാസ്ത്ര പദ്ധതി.

• വിവിധോദ്ദേശ്യ പുരാവസ്തു - ശാസ്ത്ര ലബോറട്ടറി.

• അന്തർദേശീയ ഗവേഷണ ഫെല്ലോഷിപ്പുകൾ, റെസിഡൻഷ്യൽ അക്കാദമിക് കോഴ്സുകൾ, ഇൻ്റേൺഷിപ്പ് പദ്ധതികൾ. 

• ലോകപൈതൃക നിലവാരത്തിലുള്ള മാതൃകാ പുരാവസ്തുശാസ്ത്ര പാർക്ക്.  

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ആർക്കിയോളജി ഫോർ ഇൻ്റർ ഡിസ്സിപ്ലിനറി മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് ആൻഡ് റിസർച്ച്. 

പട്ടണം പുരാവസ്തു ഉത്‌ഖനനം 

2007 മുതൽ 2015 വരെ ഒൻപതു കൊല്ലങ്ങളിലായി നടന്ന പട്ടണം ഉത്ഖനനത്തിലൂടെ വിവിധ സംസ്കാരങ്ങളെയും കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്ന തദ്ദേശീയവും വിദേശീയവുമായ നിരവധി പുരാവസ്തു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇരുമ്പുയുഗത്തിലെയും പുരാതന-മദ്ധ്യ-ആധുനിക ചരിത്ര കാലഘട്ടങ്ങളിലെയും ജനവാസ തെളിവുകളുടെ അടിസ്ഥാനത്തിൽ പട്ടണം സൈറ്റിൻ്റെ കാലഗണനക്രമം 1000 BCE മുതലുള്ള മൂവായിരം വർഷങ്ങളാണെന്നു കണക്കാക്കപ്പെടുന്നു.  BCE മൂന്നാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ട് വരെയുള്ള പ്രാചീനചരിത്ര കാലഘട്ടത്തിൽ പട്ടണം സജീവമായിരുന്നു എന്ന് കാണാവുന്നതാണ്. 

ഹെക്ടറോളം വരുന്ന മൗണ്ടിൻ്റെ 1% താഴെ മാത്രമാണ് ഉത്ഘനനം ചെയ്തിട്ടുള്ളത്. പട്ടണം ഉത്‌ഖനനങ്ങളിലൂടെ 1,30,865 പുരാവസ്തുക്കൾ, 5,16,676-ഓളം ഡയഗ്നോസ്റ്റിക് മൺപാത്രകഷണങ്ങൾ (വക്ക്, കഴുത്ത്, പിടികൾ, അടിഭാഗം മുതലായവ), 1,41, 348 വിദേശ മൺപാത്രകഷണങ്ങൾ, ഏകദേശം 45 ലക്ഷത്തോളം പ്രാദേശിക മൺപാത്രകഷ്ണങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്.