ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ്

കേരള ചരിത്ര സാമൂഹ്യ പഠനങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിച്ച് അവ ചിട്ടയായി സൂക്ഷിച്ച് ഗവേഷണപഠനങ്ങൾക്കും മറ്റും ഉപയോഗിക്കുവാനുള്ള സൗകര്യമുണ്ടാക്കുകയാണ് കേരള ചരിത്ര ഗവേഷണ കൗൺസിലിൻ്റെ (കെ.സി.എച്ച്.ആർ) പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ആർക്കൈവിൻ്റെ ലക്ഷ്യം. വരും തലമുറയോടുള്ള നമ്മുടെ ചുമതലയുടെ ഭാഗമായി കേരളവുമായി ബന്ധപ്പെട്ട ചരിത്ര-പുരാവസ്തു-നരവംശ തെളിവുകളുടെ സമഗ്രമായ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിച്ച് അത് പദ്ധതിയുടെ വെബ്സൈറ്റിലൂടെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇവയെല്ലാം കെ.സി.എച്ച്.ആറിന്റെ തനത് സെർവറിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിൽ താല്പര്യമുള്ള എല്ലാ മലയാളികളുടെയും പങ്കാളിത്തത്തോടെ ഒരു സമഗ്ര പദ്ധതിയായി നടപ്പാക്കുവാനാണ് കെ.സി.എച്ച്.ആർ ശ്രമിക്കുന്നത്.

പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ 

ജനങ്ങളുടെ പങ്കാളിത്തത്തോടെ കേരളത്തിൻ്റെ ചരിത്രപൈതൃകങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. കേരളത്തിൻ്റെ ചരിത്രവും  സാംസ്‌കാരികവും സാമൂഹ്യവും പൈതൃകശാസ്ത്രങ്ങളും സംബന്ധിച്ച അപൂർവമായ രേഖകളും 1960 ന് മുൻപുള്ള ഫോട്ടോകളും ഇലക്ട്രോണിക് മാർഗങ്ങളിലൂടെ ശേഖരിച്ച്‌ ജനങ്ങൾക്ക് സൗജന്യപ്രദമായി ഉപയോഗിക്കുവാനായി ഡി.കെ.പി  വെബ്സൈറ്റിൽ www.dkp.kchr.ac.in  അപ്‌ലോഡ് ചെയ്യുന്നതാണ്. 

പദ്ധതിയുടെ സാധ്യതകൾ

  • കുറഞ്ഞ ചിലവിൽ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കുന്നു.
  • എല്ലാവർ‌ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നു.
  • ഇതിൽ പങ്കാളികളാകുന്നവരെ അർഹമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു.
  • നിസ്വാർത്ഥ സേവനത്തിനുള്ള അവസരമൊരുക്കുന്നു.
  • നിത്യജീവിതത്തിൽ ചിന്തയ്ക്ക് വഴിയൊരുക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കുന്നു.

താഴെ പറയുന്ന  ചെറുപദ്ധതികൾ  ആണ് ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്.   

1. ഓൺലൈൻ പദ്ധതികൾ -  ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ (ബിരുദാനന്തരബിരുദതലം വരെയുള്ളർ), വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് ഒരു തുക (പകർത്തിയെഴുത്ത് - ഒരു പേജിന്, സ്പേയിസ് ഉൾപ്പെടുന്ന 2400 അക്ഷരങ്ങൾക്ക് 30 രൂപ , പ്രൂഫ്‌ വായന - ഒരു പേജിന് 18 രൂപ) ഇൻസെന്റീവ് നൽകുവാൻ കെ.സി.എച്ച്.ആർ തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിലുള്ള എല്ലാ നിസ്വാർത്ഥമതികളുടെ സേവനങ്ങളും അർഹമായ രീതിയിൽ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.പകർത്തിയെഴുത്ത് പദ്ധതിയുടെ ഭാഗമായി, ശ്രീമതി ഏലിയാമ്മ മാത്തൻ്റെ ഡയറികളും പ്രൊഫസർ ടി.ഐ.പുന്നൻ്റെ ഡയറികളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

  •  ഏലിയാമ്മ മാത്തൻ്റെ ഡയറികൾ - ഏലിയാമ്മ മാത്തൻ (1894-1952) തിരുവിതാംകൂറിലെ പ്രമുഖ ബാങ്കറായ ചാലക്കുഴി പൗലോസ് മാത്തൻ (1890-1960) എന്ന സി.പി. മാത്തൻ്റെ ഭാര്യയാണ്. 1938 മെയ് 2 മുതൽ 1942 ഏപ്രിൽ 12 വരെയുള്ള കാലഘട്ടത്തിൽ ഏലിയാമ്മ മാത്തൻ ഇംഗ്ലീഷിൽ എഴുതിയ ജേർണലുകളുടെ 10 വാല്യങ്ങളാണ് ഈ ശേഖരത്തിലുള്ളത്. 1930-40 കളിലുള്ള തിരുവിതാംകൂറിൻെറ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകളായി ഇവയെ കണക്കാക്കാവുന്നതാണ്. ഈ ഡയറികളുടെ പകർത്തിയെഴുത്ത്  ജോലികൾ ജനങ്ങളുടെ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തീകരിച്ചു. 
  •  ടി.ഐ പുന്നൻറെ ഡയറികൾ - തേരത്താനത്ത് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്താനത്ത് കുടുംബാംഗമാണ്. കലാലയപഠന കാലഘട്ടത്തിൽ അക്കാദമിക മികവിന് മൂന്നു സ്വർണ്ണമെഡലുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്. പ്രൊഫസർ ടി. ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിൻേറതായിട്ടുണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത്രവിഭാഗത്തിൻ്റെ തലവനായി വിരമിക്കുകയും ചെയ്തു. 1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ. ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികളാണ് കെ.സി.എച്ച്.ആറിൻ്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിൻ്റെ ചിന്തകളും ഓരോ ദിവസത്തിൻ്റെ അനുഭവസാക്ഷ്യങ്ങളുമാണ് ഈ ശേഖരത്തിൽ അടങ്ങിയിട്ടുള്ളത്.

2. നിത്യജീവിത രേഖകൾ - വർത്തമാനകാലത്തെ നിത്യജീവിതം സാമൂഹ്യശാസ്ത്ര കാഴ്ചപ്പാടിൽ രേഖപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ഈ പരിശ്രമത്തിലൂടെ കെ.സി.എച്ച്.ആർ നിങ്ങളിലേക്കെത്തിക്കുന്നത്. വ്യത്യസ്തമായ നിരവധി വ്യക്തികളുടെ വ്യത്യസ്തമായ അനുഭവങ്ങൾ അവയുടെ പരസ്പരബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനായാൽ ആ അനുഭവങ്ങളിൽ അടങ്ങിയ സാമൂഹ്യമാറ്റങ്ങളുടെയും തുടർച്ചകളുടെയും അംശങ്ങൾ തിരിച്ചറിയാനാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ ഇടയില്ലാത്ത വിഭാഗങ്ങളുടെ ദൈനംദിനാനുഭവങ്ങൾ, പ്രതീക്ഷകൾ, വേദനകൾ, സന്തോഷങ്ങൾ, നിരാശകൾ, പ്രതിസന്ധികൾ തുടങ്ങിയവ സത്യസന്ധമായി രേഖപ്പെടുത്തുവാനുള്ള അവസരമാണ് ഈ പദ്ധതി നൽകുന്നത്.

  • എൻ്റെ/മറ്റൊരാളുടെ ജീവിതത്തിലെ ഒരു ദിവസം - ഉണർ‌ന്നെഴുന്നേൽക്കുന്നതു മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നതുവരെ കുടുംബത്തിലേയും തൊഴിലിടങ്ങളിലേയും പൊതുസമൂഹത്തിലേയും ഒരാളുടെ ഒരു ദിവസത്തെ അനുഭവങ്ങൾ കഴിയുമെങ്കിൽ ആരോടും പരിഭവവും പരാതിയും ഇല്ലാതെ വരുംതലമുറയ്ക്കായി ചിട്ടയായും സത്യസന്ധമായും രേഖപ്പെടുത്താനാണ് ഈ പദ്ധതി ആവശ്യപ്പെടുന്നത്. ഇത് രണ്ടുതലമുറകൾക്കോ അതിനപ്പുറമോ ഉള്ള ഒരാൾക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന രീതിയിലായിരിക്കണം എഴുതേണ്ടത് എന്ന് ഓർക്കുമല്ലോ. അത് സ്വന്തം ജീവിതത്തെപ്പറ്റിത്തന്നെ ആവണമെന്നില്ല. കുഞ്ഞുങ്ങളുടെയോ മുതിർന്നവരുടേയോ അവഗണിക്കപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽപെട്ട ഒരാളുടെയോ ഒരു ദിവസം സസൂക്ഷ്മം നിരീക്ഷിച്ച് കഴിയുമെങ്കിൽ അവരോട് കൂടി സംസാരിച്ച്, പരമാവധി 1500 വാക്കുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ റിപ്പോർട്ട് തയ്യാറാക്കി അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. 
  • എനിക്കറിയാവുന്ന/ഞാൻ കണ്ട ഒരു സംഭവം/ അനുഭവം - മറ്റൊന്ന് സൂക്ഷ്മതലത്തിൽ നാം നേരിൽ കണ്ട ഒരു സംഭവം അല്ലെങ്കിൽ അനുഭവം റിപ്പോർട്ടാക്കി അപ്‌ലോഡ്‌ ചെയ്യുന്നതാണ്. യാത്രയ്ക്കിടയിൽ, ജോലിക്കിടയിൽ, ഒരു സ്ഥാപനത്തിൽ, ആശുപത്രിയിൽ തുടങ്ങി നാം നേരിട്ട് മനസ്സിലാക്കിയ, കാണുവാനിടയായ, ചെറിയ ചെറിയ കാര്യങ്ങൾ പരമാവധി 1500 വാക്കുകളിൽ ചുരുക്കി എഴുതുകയാണ് വേണ്ടത്. വാർത്താപ്രാധാന്യം നേടിയവ ഒഴിവാക്കുകയും എന്നാൽ വേറിട്ടെതെന്ന് ബോധ്യമുള്ള അനുഭവങ്ങൾ എഴുതുകയുമാണ് വേണ്ടത്.

കേരളചരിത്രവുമായി ബന്ധപ്പെട്ട വിവിധ രേഖകളെയും ചിത്രങ്ങളെയുമൊക്കെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുണ്ടെങ്കിൽ, അവയെപറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുവാൻ കെ.സി.എച്ച്.ആർ ശ്രമിക്കുന്നുണ്ട്. 1960  ന് മുൻപുള്ള കേരളത്തിൻ്റെ സാമൂഹികവും സംസ്ക്കാരികവുമായ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഫോട്ടോകളും ശേഖരിച്ചു ഡിജിറ്റൈസ് ചെയ്ത് ഡി.കെ.പി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.ചരിത്രപ്രാധാന്യമുള്ള വീഡിയോ /ഓഡിയോ ഫയലുകളും ഇങ്ങനെ അപ്‌ലോഡ് ചെയ്യുവാൻ ഉദ്ദേശിക്കുന്നു. 

വംശ-സംസ്കാര-ചരിത്രപഠനങ്ങൾക്ക് സഹായകമാകാവുന്ന ധാരാളം തെളിവുകൾ നിങ്ങളുടെ കൈവശമുണ്ടാകാം. മുത്തശ്ശിയുടെയോ, മുത്തച്ഛൻ്റെയോ കത്തുകൾ, ഡയറികൾ, കൈയെഴുത്തു പ്രതികൾ, ഫോട്ടോകൾ, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ അങ്ങനെ പലതും. ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുന്ന അവ നമ്മുടെ പൈതൃകസമ്പത്തുകളാണ്. അവ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുന്നതിനും ഗവേഷണ പഠനങ്ങൾക്ക് സഹായകമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനുമുള്ള അവസരമൊരുക്കുകയാണ് കെ.സി.എച്ച്.ആർ ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ കൈവശമുള്ള ചരിത്രപ്രാധാന്യമുള്ള രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ kchrdkp@gmail.com എന്ന ഇ-മെയിലിലൂടെ ഞങ്ങൾക്കയയ്ക്കുക, അവ സംരക്ഷിക്കുന്നതിന് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ്. അവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ചിലവ് കെ.സി.എച്ച്.ആർ വഹിക്കുന്നതാണ്. നിങ്ങൾ കൈമാറിയ വിവരങ്ങൾ നിങ്ങളുടെ പേരിൽ തന്നെ പദ്ധതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. വരുംതലമുറകൾക്ക് തങ്ങളുടെ സംസ്കാരത്തിൻ്റെ വേരുകൾ വെളിപ്പെടുത്തുന്ന രേഖകൾ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങളിൽ താങ്കളുടെ നിസ്വാർത്ഥസേവനം പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് കാണുക : www.dkp.kchr.ac.in.

കെസിഎച്ച്ആർ ഡിജിറ്റൽ ആർക്കൈവ് : www.digitalarchive.kchr.ac.in


You are also welcome to be a promoter of this project through offering donation for which 80G Income tax exemption is available.