കേരള ചരിത്ര പൈതൃക സംരക്ഷണം

ഈ ഉദ്യമത്തിൻ്റെ പ്രസക്തി 

പുരാവസ്തുക്കൾ , സ്മാരകങ്ങൾ, പുരാവസ്തു സ്ഥാപനങ്ങൾ, ഗ്രന്ഥങ്ങൾ, പ്രമാണങ്ങൾ, എഴുത്തോലകൾ, ഓർമ്മകൾ, പരമ്പരാഗത അറിവുകൾ തുടങ്ങി കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ബൗദ്ധീകവുമായ നിരവധി പൈതൃക വിഭവങ്ങൾ തീർത്തും അവഗണിക്കപ്പെടുന്ന അല്ലെങ്കിൽ നഷ്ടപെട്ടുപോകുന്ന അവസ്ഥയിലാണുള്ളത്. അവ കണ്ടെത്തി ശാസ്ത്രീയമായും നൂതനസാങ്കേതിക വിദ്യകൾ ഉപയോഗിച്ചും വീണ്ടെടുത്ത് സംരക്ഷിക്കാനാണ് കെ.സി.എച്ച്.ആർ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ ചരിത്രപൈതൃകത്തോടുള്ള ആദരവും അവ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക എന്നതും പ്രോജക്ടിൻ്റെ ലക്ഷ്യങ്ങളാണ്.

കേരള ചരിത്ര പൈതൃക സംരക്ഷണത്തിനു കീഴിലുള്ള കെ.സി.എച്ച്.ആർ പദ്ധതികൾ 

1. സമകാലീക ചരിത്രം 

മലയാളികളുടെ സമകാലീക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമലാസുരയ്യുടെ അറിയപ്പെടാത്ത ജീവിതകാഴ്ചകൾ, സന്ദർശനങ്ങൾ, സൗഹൃദങ്ങൾ, ചടങ്ങുകൾ, അഭിമുഖങ്ങൾ,ഓർമ്മകൾ, നിത്യജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുവാൻ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നു. 

2. വാമൊഴി ചരിത്രം 

കേരളത്തിലെ ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ ശേഖരിക്കുന്ന ഒരു പ്രൊജക്റ്റ് 2004 ലും കേരളത്തിലെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ശേഖരിക്കുന്ന മറ്റൊരു പ്രൊജക്റ്റ് 2005 ലും കെ.സി.എച്ച്.ആർ ആരംഭിച്ചിരിക്കുന്നു. (കെ.സി.എച്ച്.ആർ വെബ്സൈറ്റ്  - കെ.സി.എച്ച്.ആർ ആർക്കൈവ്സ് സന്ദർശിക്കുക). " മലയാളികളുടെ ഒരു ദിവസത്തെ ജീവിതം" എന്ന വിഷയത്തെ അധികരിച്ചുള്ള വിവരശേഖരണങ്ങൾ മറ്റൊരു പ്രൊജക്റ്റിലൂടെ കെ.സി.എച്ച്.ആർ നടത്തി വരുന്നുണ്ട്. കേരളത്തിലെ വാമൊഴി വഴക്കങ്ങളുടെ വലിയൊരു മേഖലയായ പഴഞ്ചൊല്ലുകൾ ജനപങ്കാളിത്തത്തോടെ  ശേഖരിച്ച് 20,345 എണ്ണം വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ച് വിശദീകരണത്തോടെ 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' എന്ന ശീർഷകത്തിൽ 2012 ൽ പ്രസിദ്ധീകരിച്ചു. സ്കൂൾ വിദ്യാത്ഥികൾക്കായി അവധിക്കാല ചരിത്രാന്വേഷണപരിപാടിയും കെ.സി.എച്ച്.ആർ നടപ്പിലാക്കിയ പൈതൃക സംരക്ഷണ പ്രവർത്തനങ്ങളാണ്.   

3. മലയാളി കുടിയേറ്റങ്ങളുടെ ചരിത്രം 

മലയാളികൾ വിവിധ നാടുകളിലേക്ക് നടത്തിയ കുടിയേറ്റങ്ങളുടെ ചരിത്രം ശേഖരിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. ഇക്കൂട്ടരുടെ ജീവിതാനുഭവങ്ങൾ, വിവരങ്ങൾ,ഡയറിക്കുറിപ്പുകൾ, ഓർമ്മകൾ, വാമൊഴിപാരമ്പര്യങ്ങൾ , ഫോട്ടോകൾ തുടങ്ങിയവ ശേഖരിക്കുകയായിരുന്നു ലക്‌ഷ്യം. ഇത്തരം സംഗതികൾ ഓൺലൈനായി സമർപ്പിച്ച് അവ കെ.സി.എച്ച്.ആർ വെബ്സൈറ്റിൽ ലഭ്യമാകുന്ന തരത്തിൽ സജ്ജമാക്കുകയാണ് വേണ്ടത്. ഇത്തരം പഠന പ്രവർത്തനങ്ങളിൽ  തത്പരരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കെ.സി.എച്ച്.ആർ അക്കാദമിക സഹായം നൽകിയിരുന്നു. 1960-70കളിൽ ജർമനിയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതാനുഭവങ്ങൾ ഈ പ്രോജക്ടിൻ്റെ ഭാഗമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

4. കുടുംബചരിത്രം - ആത്മകഥ ശേഖരം 

മലയാളി കുടുംബചരിത്രങ്ങൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ തുടങ്ങിയവ സൂക്ഷ്മചരിത്ര പഠനങ്ങളുടെ ഭാഗമായി കെ.സി.എച്ച്.ആർ ശേഖരിച്ചു വരുന്നുണ്ട്. ഇത്തരം ചരിത്രരചനകൾക്ക് വേണ്ട അക്കാദമിക സഹായവും കെ.സി.എച്ച്.ആർ നൽകുന്നുണ്ട്. 

5. പ്രാദേശിക (ഗ്രാമ) ചരിത്രരചന 

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സാംസ്ക്കാരിക സംഘടനകൾക്കും പ്രാദേശിക ചരിത്ര രചനയ്ക്കും വില്ലേജ് - പഞ്ചായത്ത് , മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സാംസ്ക്കാരിക പൈതൃക ചരിത്ര ഭൂപടം തയ്യാറാക്കുന്നതിനും അക്കാദമിക സഹായം നൽകുന്ന പദ്ധതിയാണിത്. സർവ്വെ  , വിവരശേഖരണം, സമാഹരണം, വിശകലനം, എഡിറ്റിങ് , പ്രസിദ്ധീകരണം തുടങ്ങിയവയാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.

6. കേരളത്തിൻ്റെ ചരിത്രഭൂപടം 

കേരളത്തിലെ പുരാവസ്തു, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, ചരിത്ര പുരാവസ്തുശേഷിപ്പുകൾ, പുരാവസ്തു, ചരിത്രസ്മാരകങ്ങൾ തുടങ്ങിയവയുടെ വിവരശേഖരണവും ഭൂപടനിർമ്മാണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

7. പുരാവസ്തു പര്യവേക്ഷണവും സർവ്വേയും 

പട്ടണം പുരാവസ്തു സൈറ്റിൻ്റെ കേരളത്തിനകത്തും പുറത്തുമുള്ള സമകാലീക പ്രദേശങ്ങളിൽ ശാസ്ത്രീയായ പര്യവേക്ഷണവും വിവരശേഖരണവും നടത്തുകയാണ് ഈ പ്രൊജക്ടടിൻ്റെ ലക്‌ഷ്യം. ബഹുവിഷയീ മാർഗ്ഗങ്ങളിലൂടെ ആ പ്രദേശങ്ങളുടെ ഭൂമി ശാസ്ത്രപരവും പാരിസ്ഥിതികവും പുരാവസ്തു - ചരിത്രപരവുമായ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്‌ഷ്യം. 

8. കേരളത്തിലെ ബുദ്ധ-ജൈന സ്വാധീനങ്ങൾ കണ്ടെത്താനുള്ള പര്യവേക്ഷണവും വിവരശേഖരണവും  

ഒൻപതാം നൂറ്റാണ്ടിനുമുമ്പുള്ള കേരള സമൂഹത്തെക്കുറിച്ചു പഠിക്കുന്നതിനുതകുന്ന പുരാവസ്തുക്കൾ , ലിഖിതങ്ങൾ, വാമൊഴി വഴക്കങ്ങൾ, ഗ്രന്ഥശേഖരങ്ങൾ തുടങ്ങിയവ കണ്ടെത്തുക, ശേഖരിക്കുക, സംരക്ഷിക്കുക എന്നിവയാണ് ഈ പ്രോജെക്ടിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൻ്റെ ബുദ്ധ- ജൈന പാരമ്പര്യത്തെ ബഹുവിഷയീ അന്വേഷണ മാർഗ്ഗത്തിലൂടെ കണ്ടെത്തി ഓൺലൈനായും പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കുകയാണ് ഉദ്ദേശം. 

പദ്ധതിയിൽ ഉദ്യോഗസ്ഥരാകാം

കേരള ചരിത്ര ഗവേഷണ കൗൺസിൽ നടത്തിവരുന്ന വിവിധ ബഹുവിഷയീ പ്രോജക്ടുകളിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാകാൻ (പ്രധാന അന്വേഷകൻ) അവസരം. സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള താത്പര്യവും അനുബന്ധരീതിശാസ്ത്ര/ സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും ഉള്ള ഗവേഷകരെയാണ് ഈ സംരംഭം ലക്‌ഷ്യം വയ്ക്കുന്നത്. കേരളത്തിൻ്റെ സാമൂഹ്യശാസ്ത്ര പഠനത്തിനുതകുന്ന പൈതൃക സമ്പത്തുകളുടെ പര്യവേക്ഷണം,സർവ്വേ, സമാഹരണം, സംരക്ഷണം തുടങ്ങിയ കർമ്മപദ്ധതികൾ തയ്യാറാക്കാനുള്ള അവസരമാണ് ഈ സംരംഭം നൽകുന്നത്. 

കേരളത്തിൻ്റെ സാംസ്ക്കാരികപൈതൃകത്തിൽ താത്പര്യവും പ്രാഗല്‍ഭ്യവും പ്രവൃത്തി പരിചയവുമുള്ള വിഷയപരിജ്ഞാനികളെ ഈ ഉദ്യമത്തിൽ പ്രൊജക്ട് സൂപ്പർവൈസർ ആയി പ്രവൃത്തിക്കുവാനും കെ.സി.എച്ച്.ആർ അവസരം നൽകുന്നു. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരുടെ ജോലികളെ നിരീക്ഷിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ആണ് ചെയ്യേണ്ടത്.  ഫീൽഡ് വിസിറ്റിനുള്ള സൗകര്യങ്ങളും പ്രതിഫലവും കെ.സി.എച്ച്.ആർ നൽകുന്നതാണ്. ഇതിനായി kchrtvm@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ (ബയോ-ടാറ്റ) അയക്കുക. 

ഇന്റേൺഷിപ് സൗകര്യങ്ങൾ 

വിവിധ പദ്ധതികൾക്ക് പുറമെ, കെ.സി.എച്ച്.ആർ ബിരുദ- ബിരുദാനന്തര വിദ്യാർത്ഥികൾക്കായി വിവിധ കെ.സി.എച്ച്.ആർ പദ്ധതികളിലും പട്ടണം പുരാവസ്തു ഗവേഷണത്തിലും ഇന്റേൺഷിപ്പിനു അവസരം ഒരുക്കുന്നു.ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം വിനിയോഗിക്കാം. വിദ്യാർത്ഥികളുടെ താത്പര്യവും അവബോധവും മുൻനിർത്തി ആയിരിക്കും ഇന്റേൺഷിപ് നൽകുക. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഈ അവസരം തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പ്രബന്ധാവതരണത്തിനായി വിനിയോഗിക്കാവുന്നതാണ്. ഇന്റേൺഷിപ്പിന്റെ കാലാവധി മൂന്ന് മുതൽ ആറു മാസം വരെയാണ്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 2000 രൂപയും വിദേശ വിദ്യാർത്ഥികൾക്കായി $300 ആണ് ഇന്റേൺഷിപ് തുക.

യോഗ്യതകൾ  

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും (പ്രൊഫഷണൽ ബിരുദം) സോഷ്യൽ സയൻസിൽ ഗവേഷണാഭിരുചിയും പൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യവും, അവ സംബന്ധിച്ച പ്രവർത്തനപദ്ധതി തയ്യാറാക്കി അത് പ്രാവർത്തികമാക്കുന്നതിനുമുള്ള കഴിവും ഉള്ളവരായിരിക്കണം അപേക്ഷകർ.   

അപേക്ഷിക്കേണ്ട രീതി 

• വിശദമായ ബയോഡാറ്റ ഏതെങ്കിലും കെ.സി.എച്ച്.ആർ പ്രൊജക്ടുകളെ അടിസ്ഥാനമാക്കി അല്ലെങ്കിൽ സ്വതന്ത്രമായി തയ്യാറാക്കിയ പ്രൊപ്പോസൽ പരിചയ സമ്പത്തും പ്രഗൽഭ്യവുമുള്ളവരുടെ റഫറീ പാനൽ എന്നിവ ചേർന്നതായിരിക്കണം അപേക്ഷകർ. 

പ്രൊപ്പോസലിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ, രീതി ശാസ്ത്രം, കാലപരിധി, അതുണ്ടാക്കുന്ന ഭൗതികനേട്ടം, അവയുടെ അളവ്, (ദിവസം /ആഴ്ച പ്രകാരം) കാലാവധി, ആവശ്യമായ തുക തുടങ്ങി വിശദമായ വിവരങ്ങൾ പ്രൊപ്പോസലിൽ കാണിച്ചിരിക്കണം. പ്രൊപ്പോസൽ തയ്യാറാക്കുന്നതിലും നടപ്പിൽ വരുത്തുന്ന രീതികളെ സംബന്ധിച്ചും റഫറീ പാനലിലുള്ളവരുടെ വിദഗ്ധോപദേശം തേടേണ്ടതാണ്. വിശദമായും വ്യക്തമായും ലളിതമായും പ്രൊപ്പോസൽ തയ്യാറാക്കുവാൻ ശ്രദ്ധിക്കണം. 

തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകർക്ക് പ്രതിമാസം 15000/- രൂപ പ്രതിഫലം ലഭിക്കും. ഓരോ മാസത്തെയും പ്രവർത്തനഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും പ്രതിഫലം ലഭിക്കുക.

ഫീൽഡ് വർക്ക് ആവശ്യമായ പ്രൊപ്പോസലുകളിലെ പ്രധാന അന്വേഷകന് പ്രസ്തുത പ്രദേശം കേന്ദ്രീകരിച്ച് അവ നടപ്പിലാക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ ആ പ്രദേശത്തെ ഒരു സ്ഥാപനത്തെ കെ.സി.എച്ച്.ആറുമായി ബന്ധപ്പെടുത്തി അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്നതുമാണ്. ഇത്തരം ഇൻവെസ്റിഗേറ്റെർസ് മാസത്തിൽ ഒരിക്കൽ കെ.സി.എച്ച്.ആറിൽ നേരിട്ട് വന്ന് പ്രവർത്തനപുരോഗതി അക്കാദമിക് / പ്രോജക്ട് കോ-ഓർഡിനേറ്റർമാരുമായി ചർച്ച ചെയ്താൽ മതിയാകും.    

കാലാവധി 

രണ്ടു മാസം മുതൽ ഒരു വർഷം വരെയായിരിക്കും ഒരു പ്രൊപ്പോസൽ പൂർത്തീകരിക്കാൻ ലഭിക്കുന്ന കാലയളവ്. ആവശ്യം വന്നാൽ മികച്ച പ്രൊപ്പോസലുകൾക്ക് ആറു  മാസം കൂടി കാലാവധി നീട്ടി കിട്ടും.  

സമയപരിധി 

അപേക്ഷ സ്വീകരിക്കുന്നതിന് നിശ്ചിത സമയപരിധിയില്ല. ആദ്യമാദ്യം ലഭിക്കുന്ന അപേക്ഷകൾക്ക് അതിനനുസരിച്ച പരിഗണന ലഭിക്കുന്നതാണ്. 

അപേക്ഷകൾ താഴെ പറഞ്ഞിട്ടുള്ള വിലാസത്തിൽ അയക്കുന്നത് കൂടാതെ kchrtrivandrum@gmail.com  എന്ന ഇമെയിൽ ഐഡിയിലും അയക്കേണ്ടതാണ്. പ്രൊപ്പോസലിൻ്റെ പ്രിൻ്റ്  കെ.സി.എച്ച്.ആറിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാൽ മാത്രം അയച്ചാൽ മതി. 

വിലാസം:-   ഡയറക്ടർ ,കെ.സി.എച്ച്.ആർ ,പി.ബി.നമ്പർ 839 , വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നളന്ദ, തിരുവനന്തപുരം  – 695003 

കൂടുതൽ വിവരങ്ങൾക്ക് :- kchrtrivandrum@gmail.com, Tel: O471-2310409/ 6574988 

വോളണ്ടറി പങ്കാളിത്തം 

കേരളത്തിൻ്റെ പൈതൃക സംരക്ഷണ പ്രവർത്തനങ്ങളിൽ കഴിവും താത്പര്യവും സമയവും വിഭവസമ്പത്തും വിനിയോഗിക്കുവാൻ താത്പര്യമുള്ളവരുടെ സ്വന്തം നിലയിലുള്ള പങ്കാളിത്തത്തെയും കെ.സി.എച്ച്.ആർ സ്വാഗതം ചെയ്യുന്നു. അതിനും മേൽ പരമാർശിച്ച രീതിയിൽ വിശദമായ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്. അത്തരം പ്രൊപ്പോസലുകൾക്ക് കെ.സി.എച്ച്.ആറിൽ നിന്ന് അക്കാദമിക് സഹായം ലഭിക്കും. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ നിസ്വാർത്ഥ പങ്കാളിത്തത്തോടെ ചരിത്രാന്വേഷണയാത്രകൾ, മലയാളം പഴഞ്ചോല്ലു ശേഖരണം, മലയാളികളുടെ കുടിയേറ്റ ചരിത്രം തുടങ്ങിയ പ്രോജക്ടുകൾ വിജയകരമായി നടപ്പാക്കിയ അനുഭവം കെ.സി.എച്ച്.ആറിന് ഉണ്ട് . ഭാവി തലമുറയ്ക്കായി ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ പേര് ഏറ്റെടുക്കണമെന്ന് കെ.സി.എച്ച്.ആർ ആഗ്രഹിക്കുന്നു.