പ്രളയം ചരിത്രരേഖകളും ഓർമ്മകളും

പ്രളയം ചരിത്രരേഖകളും ഓർമ്മകളും എന്ന ഗവേഷണപദ്ധതിയിലൂടെ കേരള ചരിത്രത്തിൽ ഈ നൂറ്റാണ്ടിലുണ്ടായ മഹാപ്രളയത്തെ ചരിത്രരേഖകളിലൂടെയും ഓർമകളിലൂടെയും അടയാളപ്പെടുത്തി വയ്ക്കുന്നു. ചരിത്രരേഖകളായി തരംതിരിക്കപ്പെട്ടത് '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന 1924 ലെ വെള്ളപ്പൊക്കവും 2018 ലെ പ്രളയകാല വാർത്തകൾ പ്രസിദ്ധീകരിച്ചു വന്ന ആറ് മാസക്കാലയളവിലെ പ്രധാനപ്പെട്ട പത്രങ്ങളും മാസികകളും പ്രളയാനന്തരം സർക്കാർ സ്ഥാപനങ്ങൾ തയ്യാറാക്കിയ പ്രളയ റിപ്പോർട്ടുകളും ചിത്രങ്ങളും ഭൂപടങ്ങളുമാണ്. ഓർമ്മകളായി രേഖപ്പെടുത്തി വയ്ക്കുന്നത് പ്രളയത്തെ അഭിമുഖീകരിച്ചവരിൽ നടത്തിയ അഭിമുഖങ്ങളും അവരുടെ സംഭാഷണങ്ങളിൽ നിന്ന് ലഭ്യമായ ആഴത്തിലുള്ള അറിവുകളുടെയും സൂക്ഷ്മ വിശകലനമടങ്ങുന്ന പഠനഫലമാണ്.

1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് തിരുവനന്തപുരം പുരാരേഖാവകുപ്പിലെ റിപ്പോർട്ടുകൾ പഠനവിധേയമാക്കുകയും വർക്കിങ് പേപ്പറായി അവതരിപ്പിക്കുകയും ചെയ്തു. മലയാള മനോരമ കോട്ടയം ഓഫീസിൽ ആർക്കൈവ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള 1924 ലെ പത്രങ്ങൾ ശേഖരിച്ചു. 1924 ലെ പ്രളയം വിഷയമാക്കിയിട്ടുള്ള സാഹിത്യരചനകൾ അവലോകനവിധേയമാക്കി. പ്രളയം വിഷയമായി വരുന്ന ഗവേഷണ പ്രബന്ധങ്ങൾ ശേഖരിച്ചു. പ്രളയകാല വീഡിയോകൾ, പ്രളയാനന്തര വീഡിയോകൾ എന്നിവ ശേഖരിച്ചു.

പത്രങ്ങളും മാസികകളും പ്രത്യേക വർഗ്ഗീകരണത്തിൻ്റെ അടിസ്ഥാനത്തിൽ സ്കാൻ ചെയ്യുന്നു. പിന്നീട് ആർക്കൈവ് രൂപീകരിക്കുന്നതിന് പര്യാപ്തമായ തരത്തിലാണ് സ്കാൻ ചെയ്യുന്നത്.

ഗവേഷണാത്മകമായ രീതിയിൽ അവലോകനം ചെയ്യുന്നതിനും വിമർശനാത്മകമായ രീതിയിൽ വിലയിരുത്തുന്നതിനുമായി ഇരുപതോളം സർക്കാർ ഇതരസർക്കാർ റിപ്പോർട്ടുകൾ സൂക്ഷ്മാവലോകനം നടത്തുന്നു. പ്രളയക്കെടുതി വ്യക്തമാക്കുന്ന പ്രളയചിത്രങ്ങളും ഭൂപടങ്ങളും വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചു.

ഓർമ്മകൾ രേഖപ്പെടുത്തി വയ്ക്കുന്നതിലേക്കായി 80 അഭിമുഖങ്ങൾ നടത്തി. പൈലറ്റ് സർവേയായി പ്രളയം വൻ നാശനഷ്ടം വരുത്തിയ ചരിത്രസ്മൃതികൾ അനേകം ഉള്ള ആറന്മുള ആണ് തെരഞ്ഞെടുത്തത്. സമൂഹത്തിലെ വിവിധ തുറകളിൽ നിന്നായി 16 പേരെ പൈലറ്റ് സർവേയ്ക്കായി തെരഞ്ഞെടുത്തു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ജില്ലകളിൽനിന്നായി ബാക്കി അഭിമുഖങ്ങൾ നടത്തി. ഓർമ്മകൾ അപഗ്രഥിക്കുന്നതിനായി ശേഖരിക്കപ്പെട്ട അഭിമുഖ സംഭാഷണങ്ങൾ പകർത്തി എഴുതുന്നു. ഓരോ വ്യക്തികളുടെയും സംഭാഷണങ്ങൾ സൂക്ഷ്മപഠനം നടത്തുന്നു.