പ്രളയം-ചരിത്രരേഖകളും ഓർമകളും

ഒരു ഗവേഷണ മേഖല എന്ന നിലയിൽ സാമൂഹികഓർമകൾ ചരിത്രപഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. വ്യത്യസ്തങ്ങളായ വൈജ്ഞാനിക മേഖലകളുടെ സംഗമവും വ്യത്യസ്തബൗദ്ധിക പാരമ്പര്യങ്ങളുടെയും വൈദഗ്ധ്യങ്ങളുടെയും ഇടപെടലുകളും സാമൂഹികഓർമകളുടെ ഗവേഷണത്തിലും കാണാവുന്നതാണ്. 'പ്രളയം-ചരിത്രരേഖകളും ഓർമകളും' എന്ന ഗവേഷണ പദ്ധതിയിലൂടെ 2018 ആഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തെ അനുഭവസ്ഥരുടെ ഓർമകളെ അടിസ്ഥാനമാക്കി സമഗ്രമായി വിശകലനം ചെയ്യുവാനാണ് കേരള ചരിത്ര ഗവേഷ‌ണ കൗൺസിൽ ഉദ്ദേശിക്കുന്നത്.

വർഷകാലത്ത് കേരളത്തിൻെറ പലഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. എന്നാൽ 2018-ൽ ഉണ്ടായ പ്രളയം സാധാരണയുണ്ടാവുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കേരളം അടുത്തിടെ കണ്ട പ്രകൃതി ദുരന്തങ്ങളായ ഓഖി കൊടുങ്കാറ്റിനേയും 2004-ലെ സുനാമിയേയും എന്തിനേറെ 1924-ലെ മഹാപ്രളയത്തേയും കവച്ചുവയ്ക്കുന്നതായിരുന്നു  2018 ആഗസ്റ്റിലെ പ്രളയം എന്നുതന്നെയാണ് പലരുടെയും അഭിപ്രായം. കൃത്യമായ താരതമ്യങ്ങൾ അസാധ്യം തന്നെയാണ്.

ഇന്ത്യൻ കാലാവസ്ഥനിരീക്ഷണവകുപ്പിൻെറ റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് 2018-ൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 37.5% കൂടുതൽ മഴയാണ് ലഭിച്ചത്. പ്രളയദുരിതം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിൽ ഒന്നായ ഇടുക്കിയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ഇത് 87.5% കൂടുതൽ മഴയാണ് ലഭിച്ചത്. [ദി ടൈ‍ംസ് ഓഫ് ഇന്ത്യ : ആഗസ്റ്റ് 17, 2018] ഈ അധിവർഷം ലഭിച്ചത് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണെന്നത് ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായ ഈ പ്രളയത്തിന് കാരണം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ ഇടമുറിയാതെ പെയ്ത മഴയാണ്. പ്രതീക്ഷിച്ചിരുന്ന 287.6 മില്ലിമീറ്റർ മഴയെക്കാൾ ഏകദേശം മൂന്നിരട്ടി (758.6 മി.മീ) മഴയാണ് പെയ്തിറങ്ങിയത്. [Study report Kerala Floods of August 2018; September 2018]

അതിവ്യാപകമായ കരിങ്കൽക്വാറികൾ, അനധികൃത റിസോർട്ടുകളുടെ നിർമ്മാണം നൈസർഗ്ഗിക ജലസ്രോതസ്സുകളുടെ നാശം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത് എന്ന സാഹചര്യത്തിൽ ഈ പ്രളയം ഭാഗികമായി മനുഷ്യനിർമിതമാണെന്നു തന്നെ പറയാം. മനുഷ്യൻെറ അത്യാഗ്രഹങ്ങളുടെ പരിണിതഫലമാണ് ഈ പ്രളയമെന്നു പറയാതെ വയ്യ. അതുകൊണ്ടുതന്നെ കേരളത്തിൻെറ പുനരുദ്ധാരണമെന്നത് പഴയസ്ഥിതി തിരിച്ചുപിടിക്കുക എന്നതുമാത്രമല്ല, മറിച്ച് പാരിസ്ഥിതിക ദുരന്തങ്ങളെയും അസമത്വങ്ങളെയും തിരുത്തുക എന്നതുംകൂടി ഉൾപ്പെടുന്നതായിരിക്കണം.

ഒരു മഹാദുരന്തത്തിൽ നിന്ന് കരകയറുക എന്നത് ദൈർഘ്യമേറിയതും കഠിനവുമായ ഒരു പ്രക്രിയയാണ്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതം ഒരിക്കലും പഴയപടി ആവില്ല. അവർ തകർന്നു പോയ ജീവിതങ്ങൾ തുന്നിക്കൂട്ടുമ്പോൾ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രളയം വരുത്തിവെച്ച മനസികാഘാതത്തേയും , നഷ്ടപ്പെടുത്തിയ ഭൗതിക ഓർമ്മകളായ ഫോട്ടോ ആൽബങ്ങൾ, കുടുംബരേഖകൾ, വിദ്യാഭ്യാസരേഖകൾ തുടങ്ങിയവയെക്കുറിച്ചു അനേകമനേകം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടതിൻെറ ബുദ്ധിമുട്ടുകളുമൊക്കെ സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നു. വരുംതലമുറയെ സംബന്ധിച്ചിടത്തോളം പ്രളയദുരന്തങ്ങളുടെ രേഖപ്പെടുത്തൽ വളരെ പ്രധാനമാണ്. പ്രളയത്തെ അതിജീവിച്ചവരുടെയും സാക്ഷികളുടെയും അനുഭവങ്ങൾ, പ്രകൃതിയോടും സമൂഹത്തോടുമുള്ള അവരുടെ കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ മാറ്റി എന്ന് തിരിച്ചറിയാൻ സഹായിക്കും. പ്രളയദുരിതബാധിതരുടെയും രക്ഷാപ്രവർത്തകരുടെയും ഓർമകൾ ശേഖരിക്കുകയും അവ ശാസ്ത്രീയമായി രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെയും വെള്ളപ്പൊക്കഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ പ്രയോജനകരമാവുന്ന ഒരു രേഖാസഞ്ചയം തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയും. ആവശ്യമായ മാറ്റങ്ങളോടെ ഇത് മറ്റിടങ്ങളിലും പ്രയോജനപ്രദമാക്കാവുന്നതാണ്.

പരിസ്ഥിതി ചരിത്രവും വായ്മൊഴി ചരിത്രവും ഒരുമിപ്പിക്കുന്നതിലൂടെ വിവിധ സമൂഹങ്ങളുടെ പ്രാദേശിക പ്രളയാനുഭവങ്ങൾ രേഖപ്പെടുത്തിയ 'സുസ്ഥിര പ്രളയ ഓർമ്മകൾ' വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ പ്രളയ ബാധിതപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രളയ ഓർമ്മകളുടെ പഠനത്തിലൂടെ ഓർമ്മകളുടെ ദീർഘകാല വീക്ഷണവും , അവ കാലക്രമത്തിൽ പ്രകൃതിയോടും, സമൂഹത്തോടുമുള്ള മനുഷ്യൻെറ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നതെങ്ങനെയെന്നും കണ്ടെത്തുവാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.   

പഠനത്തിന് ഉപയോഗിക്കുന്ന തെളിവുകളിൽ, സർക്കാർ റിപ്പോർട്ടുകൾ, പത്രമാധ്യമങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന ചിത്രങ്ങൾ, പത്രക്കുറിപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടും. ഇവ ശേഖരിച്ചു പ്രദർശിപ്പിക്കുന്നതിലൂടെ സുസ്ഥിര പ്രളയ ഓർമ്മകൾ സമൂഹത്തിന് നൽകുവാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.  ഇതിലൂടെ ചിത്രങ്ങളും മറ്റു ദൃശ്യരേഖകളും വ്യക്തികളുടെയും സമൂഹങ്ങളുടെയും അനുഭവങ്ങൾ സംവേദിക്കുന്നതിൽ എത്രമാത്രം പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്നു പ്രാളത്തിൻെറ സാഹചര്യത്തിൽ നമുക്ക് മനസ്സിലാക്കാവുന്നതാണ് . ഇതോടൊപ്പം അതേ തീവ്രതയോടെ , പ്രലയഓർമ്മകളുമായി ബന്ധപ്പെട്ട് 'സംഭാഷണ ആഖ്യാനങ്ങൾ' രേഖപ്പെടുത്തുവാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ട്.  

2018 ലെ പ്രളയദുരന്തത്തെ നേരിട്ട് അനുഭവിച്ച മൂന്നുതരക്കാരായ ജനങ്ങളുമായി സംവദിക്കുവാനാണ് ഈ ഗവേഷണ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദുരന്തത്തെ അതിജീവിച്ചവർ, രക്ഷാപ്രവർത്തകർ,  പുനരധിവാസ പ്രവർത്തകർ.

അതിജീവിച്ചവർ

രക്ഷാപ്രവർത്തകർ

ദുരിതാശ്വാസ പ്രവർത്തകർ

ഉപജീവനത്തിനും വസ്തുവകകൾക്കും  നേരിട്ട് നാശനഷ്ടം സംഭവിച്ചവർ

മത്സ്യത്തൊഴിലാളികൾ

വിദ്യാർഥികൾ/ യുവാക്കൾ 

കാലങ്ങളായി പ്രളയം ഒരു പ്രശ്നമായി നിലനിൽക്കുന്ന പ്രദേശത്ത് ജീവിക്കുന്നവർ

 

സർക്കാർ ജീവനക്കാർ/അഗ്നിശമന  രക്ഷാസേന,പോലീസ് അംഗങ്ങൾ/NDRF അംഗങ്ങൾ മുതലായവർ

പ്രാദേശിക ജനപ്രതിനിധികൾ , സ്ത്രീ കൂട്ടായ്മകൾ

തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളുടെ ദീർഘ ഓർമകളുള്ളവർ 

പ്രാദേശിക സമുഹം/ സന്നദ്ധ സംഘടനകൾ 

സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പ്രവർത്തകർ 

അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവരും ഈ പദ്ധതിയുടെ സജീവപങ്കാളികളാണ്. വായ്മൊ‌ഴികൾഎഴുതി തയാറാക്കുക, അഭിമുഖങ്ങൾ സംഘടിപ്പിക്കുക, രേഖകൾ ശേഖരിക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെയും ഗവേഷകരുടെയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ കൈവശമുള്ള പ്രളയവുമായി ബന്ധപ്പെട്ട് രേഖകകൾ (ഓഡിയോ/വീഡിയോ/ഫോട്ടോ) എന്നിവ കെ.സി.എച്ച്.ആറിൻ്റെ ഡിജിറ്റൽ ആർക്കൈവിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.