കേരള ചരിത്രഗവേഷണ കൗൺസിലും കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന
ഇളംകുളം കുഞ്ഞൻപിള്ള അനുസ്മരണ പ്രഭാഷണം
ഭാഷകളുടെ രാഷ്ട്രീയം
പ്രഭാഷകൻ : ഡോ . മനു വി. ദേവദേവൻ
അസ്സോസിയേറ്റ് പ്രൊഫസർ
ഹിസ്റ്ററി വിഭാഗം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
മാണ്ഡി, ഹിമാചൽ പ്രദേശ്
06 ജനുവരി 2025, തിങ്കളാഴ്ച , 10 : 30 ന്
വേദി : സി. വി. രാമൻ ഹാൾ, ക്ലിഫ്, കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം ക്യാംപസ് (plus ലൈവ് സ്ട്രീമിംഗ്)
Zoom Link : - https://zoom.us/j/98824829030
സംഗ്രഹം : പത്തൊമ്പതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ അച്ചടി മുതലാളിത്തത്തിലൂടെ ഇന്ത്യൻ ഭാഷകൾക്ക് ഉണ്ടായ രൂപാന്തരങ്ങൾ ഇതിനോടകം തന്നെ ധാരാളം ചർച്ചകൾക്ക് വിധേയമായ വിഷയമാണ്. ഈ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്ന കാഴ്ചപ്പാടുകളെയും സിദ്ധാന്തങ്ങളെയും വിപുലമായ ഗവേഷണങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അതിലേക്കുള്ള ഒരു ശ്രമമാണ് ഈ പ്രഭാഷണം. അച്ചടി മുതലാളിത്തം വളർന്നുവന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭാഷകളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ, ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ, ദശവത്സര സെൻസസ് റിപ്പോർട്ടുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള ഈ [പ്രഭാഷണം ഭാഷകളുടെ രാഷ്ട്രീയത്തെപ്പറ്റി പുതിയ ചില നിരീക്ഷണങ്ങൾ മുമ്പോട്ടു വെക്കുന്നു.
ഇളംകുളം പി. എൻ. കുഞ്ഞൻപിള്ള (1904 -1973)
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ പഞ്ചായത്തിൽ ഇളംകുളത്ത് ജനിച്ച പി. എൻ. കുഞ്ഞൻപിള്ള, കേരളം കണ്ട പ്രമുഖ ഭാഷാപണ്ഡിതനും ചരിത്രകാരനും അക്കാദമിക് വിദഗ്ധനുമായിരുന്നു. തിരുവനന്തപുരം ആർട്സ് കോളേജിലും അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും പഠിച്ച അദ്ദേഹം, സംസ്കൃതത്തിലും മലയാളത്തിലും ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. താൻ പഠിച്ച ആർട്സ് കോളേജിൽ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകനായിരിക്കുകയും അവിടെ കേരളചരിത്രം പഠിപ്പിക്കേണ്ടതിലേക്കായി ആയത് സ്വയം പഠിക്കുകയും ഗ്രന്ഥരചനകളിലേക്ക് തിരിയുകയും ചെയ്തു.
സംഘകാല സാഹിത്യകൃതികളിലേയും, മധ്യകാല ലിഖിതങ്ങളിലേയും സന്ദേശകാവ്യങ്ങളിലേയും മറ്റുസാഹിത്യശാഖകളിലേയും തെളിവുകളുടെ അടിസ്ഥാനത്തിൽ, ആധുനിക പൂർവ്വകാല കേരളചരിത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവയായിരുന്നു അദ്ദേഹത്തിൻ്റെ പഠനങ്ങൾ.
കേരളത്തിലുണ്ടായിരുന്ന ജന്മിസമ്പ്രദായം, മരുമക്കത്തായം, കളരി-ചാവേർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്ഭവത്തെയും വളർച്ചയെയും മധ്യകാല രാഷ്ട്രീയ ഘടനയെയും കുറിച്ച് അദ്ദേഹം സവിസ്തരം പഠിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ആധുനിക കേരളസംസ്ഥാന രൂപീകരണ കാലഘട്ടമായിരുന്നു അദ്ദേഹത്തിൻ്റെ അക്കാദമിക കാലം. അതുകൊണ്ടു തന്നെ പുതുതായി ഉണ്ടായിവന്ന സ്റ്റേറ്റിനാവശ്യമായ ചരിത്ര അടിത്തറ, അതും കേരളോത്പത്തി പാരമ്പര്യത്തിൽ നിന്നും വ്യത്യസ്തമായി ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം തൻ്റെ പഠനങ്ങളിലൂടെ പരിശ്രമിച്ചു. ഭാഷാസാഹിത്യ മേഖലയിലെ അദ്ദേഹത്തിൻ്റെ സംഭാവനകളും ചർച്ച ചെയ്യപ്പെടുകയും പിന്നീടുള്ള പഠനങ്ങൾക്ക് പ്രോത്സാഹനമാകുകയും ചെയ്തിട്ടുണ്ട്.
കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ കൂടി, കേരളഭാഷയുടെ വികാസപരിണാമങ്ങൾ, ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളിൽ, ചില കേരള ചരിത്രപ്രശ്നങ്ങൾ, അന്നത്തെ കേരളം, ജന്മിസമ്പ്രദായം കേരളത്തിൽ, സംസ്കാരത്തിൻ്റെ നാഴികകല്ലുകൾ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ, ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടുകളിൽ എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്.
പ്രഭാഷകനെക്കുറിച്ച്: ഡോ. മനു വി. ദേവദേവൻ ഹിമാചൽ പ്രദേശിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാണ്ടിയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പ്രൊഫസർ കേശവൻ വെളുത്താട്ടിൻ്റെ മേൽനോട്ടത്തിൽ മംഗലാപുരം സർവ്വകലാശാലയിൽ നിന്ന് മധ്യകാല കേരളത്തിലെ സാഹിത്യ സമ്പ്രദായങ്ങളുടെ ചരിത്രപരമായ പരിണാമം, സിഇ 1200-1800 എന്ന വിഷയത്തിൽ അദ്ദേഹം തൻ്റെ ഡോക്ടറൽ പ്രബന്ധം എഴുതി. ദേവദേവൻ്റെ നിരവധി അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ A Prehistory of Hinduism (2016), The 'Early Medieval' Origins of India (2020), അവകാശികളില്ലാത്ത ഭൂമി (2022), കന്നഡയിലെ Prithviyallodagida Ghatavu (2009), Karunadu (2024) എന്നിവ ഉൾപ്പെടുന്നു. പ്രൊഫസർ വെളുത്താട്ടിനു പുരസ്‌കാരമായി ലഭിച്ച ഗവേഷണപ്രബന്ധങ്ങളുടെ സമാഹാരമായ Clio and Her Descendants (2018) എഡിറ്റ് ചെയ്‌ത അദ്ദേഹം, 12-ാം നൂറ്റാണ്ടിലെ വിശുദ്ധൻ അല്ലമ പ്രഭുവിൻെറ കന്നഡ വചനങ്ങൾ, God Is Dead, There Is No God (2019) എന്ന വാല്യരൂപത്തിൽ പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വരാനിരിക്കുന്ന മറ്റ് കൃതികളിൽ, ആദ്യകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകം (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്), 12-ാം നൂറ്റാണ്ടിലെ സന്യാസി ബസവയുടെ ചരിത്രപരമായ ജീവചരിത്രം (ഹാർപ്പർകോളിൻസ്), 12-ാം നൂറ്റാണ്ടിലെ സന്യാസി അക്കമഹാദേവിയുടെ വചനങ്ങളുടെ വിവർത്തനം എന്നിവ ഉൾപ്പെടുന്നു. കന്നഡകവി കൂടിയായ ദേവദേവൻ മൂന്ന് കവിതാ സമാഹാരങ്ങളും ഒരു ഇതിഹാസ കവിതയും രചിച്ചിട്ടുണ്ട്.