വെബിനാര്‍

കരിങ്കൽ പരിഹാരങ്ങൾ: മധ്യകാല കേരള ക്ഷേത്രങ്ങളിലെ ശില്പ‌ശാസനം

ശ്രീജിത്ത് കെ.എ.

ഡോക്ടറൽ സ്കോളർ, ചരിത്രപഠന വകുപ്പ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, കാലടി 

വൈകിട്ട്  3 മണി | 2024 ജൂലൈ 25, വ്യാഴം

Recorded Video 

പെരുമാൾ ശാസനങ്ങൾ ലഭ്യമായിട്ടുള്ളതടക്കം പ്രധാനപ്പെട്ട കേരളീയ ക്ഷേത്രങ്ങളിലായി കണ്ടുവരുന്ന കരിങ്കൽ പരിഹാര ശില്‌പങ്ങൾ മധ്യകാല കേരളത്തിന്റെ നിലവിലുള്ള ക്ഷേത്രചരിത്രങ്ങളുടെ പുനർവ്യാഖ്യാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. എന്നാൽ നിലവിലുള്ള പഠനങ്ങളിൽ ഈ കരിങ്കൽ ശില്പങ്ങൾ ചിലയിടങ്ങളിലായി സൂചിപ്പിക്കപ്പെട്ടിട്ടുള്ളതല്ലാതെ വിശദമായി എവിടെയും ചരിത്രവൽക്കരിക്കപ്പെട്ടിട്ടില്ല. എല്ലാ ജാതി വിഭാഗങ്ങളിൽപ്പെട്ടവർക്കും കാണാവുന്ന ഇടങ്ങളിലായാണ് മുന്നറിയിപ്പോ ഓർമ്മപ്പെടുത്തലോ ആയി തോന്നിപ്പിക്കുന്ന ഈ ശില്പ്‌പങ്ങൾ സ്‌ഥാപിക്കപ്പെട്ടിട്ടുള്ളത്. ആദി-മധ്യകാല ശാസ്ത്രഗ്രന്ഥങ്ങളും കേരളത്തിലെ ശിലാശാസനങ്ങളുമായി ബന്ധപ്പെടുത്തി കരിങ്കൽ പരിഹാരശില്‌പങ്ങളെ പഠിക്കുമ്പോൾ നിലവിലുള്ള ചരിത്രരചനയിൽ ചർച്ച ചെയ്യുന്നതുപോലെ സാമൂഹിക ശ്രേണിയെ മൊത്തത്തിൽ സംയോജിപ്പിച്ചു നിർത്തുന്ന ഒരു സ്‌ഥാപനമാതൃകയെക്കാൾ എതിർപ്പിൻ്റെയും സംഘർഷങ്ങളുടെയും ഇടമായ ക്ഷേത്രങ്ങളാണ് തെളിഞ്ഞുവരുന്നത്. അത്തരം എതിർപ്പിന്റെ സ്വരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു ശില്‌പശാസനമായി കരിങ്കൽപരിഹാരങ്ങൾ എങ്ങനെ നിലകൊണ്ടിരുന്നു എന്ന ഒരു അന്വേഷണമാണ് ഈ അവതരണം.

ശ്രീജിത്ത് കെ. എ. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ചരിത്രപഠന വകുപ്പിൽ പി.എച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നു. മധ്യകാല കേരളമാണ് ഗവേഷണ മേഖല.