കെ സി എച്ച് ആർ വെബിനാർ

താന്ത്രിക ബുദ്ധമതവും കളമെഴുത്തും:  മധ്യകാല   കേരളത്തിലെ ബ്രാഹ്മണേതര മതാചാരങ്ങൾ ബ്രാഹ്മണവൽക്കരിക്കപ്പെട്ടതിൻ്റെ ചരിത്രത്തെക്കുറിച്ച്

 

പ്രഭാഷക : ഡോ. ഷിബി കെ.

തീയതി, സമയം : 19 ഡിസംബർ  2022,  തിങ്കളാഴ്ച  , 3 PM , IST 

Recorded Video

സംഗ്രഹം: ബ്രാഹ്മണരുടെ സംഭാവനയാണ് കേരളത്തിൻ്റെ മധ്യകാലചരിത്രം എന്നാണ് കഴിഞ്ഞ അരനൂറ്റാണ്ടായി മധ്യകാല ചരിത്രനിർമ്മിതി ചർച്ചചെയ്യുന്നത്. ബുദ്ധമതത്തിന് തെളിവുകളില്ല എന്ന ആശ്വാസത്തിൽ മധ്യകാല ക്ഷേത്രങ്ങളെല്ലാം ബ്രാഹ്മണികമാണ് എന്ന് ആ പഠനങ്ങൾ വാദിച്ചു. എന്നാൽ കേരളത്തിലെ ബുദ്ധമതത്തെക്കുറിച്ച് പ്രാചീന-മധ്യകാല ചരിത്രരേഖകളിൽ ധാരാളം തെളിവുകൾ കാണുന്നു. ക്ഷേത്രലോകത്തിന് പുറത്ത് നിലനിൽക്കുന്ന പ്രധാനപ്പെട്ട ബ്രാഹ്മണേതര മതാവിഷ്‌ക്കാരമായ കളമെഴുത്തിലും ഇതിൻ്റെ സാക്ഷ്യങ്ങളുണ്ട്. വളരെ ന്യൂനപക്ഷമായ ശൈവ-വൈഷ്ണവ ആര്യഭക്തിയേക്കാളും ഭഗവതിയെയും അയ്യപ്പനെയും ചാത്തനെയും നാഗത്തെയും കേന്ദ്രീകരിച്ചുള്ള ബ്രാഹ്മണേതര ഭക്തിയുടെ സമ്പന്നമായ ലോകമാണ് ക്ഷേത്രലോകത്തിന് പുറത്ത് കളമെഴുത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. സാമാന്യജനങ്ങളുടെ ഈ ഭക്തിയുടെ ലോകം താന്ത്രീക  ബുദ്ധമതത്തിൻ്റെ മണ്ഡലാരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യകാലത്തിൻ്റെ തുടക്കം മുതൽ നിലനിന്നിരുന്ന ഈ മണ്ഡലാരാധന പതുക്കെ ബ്രാഹ്മണവൽക്കരിക്കപ്പെടാൻ തുടങ്ങുകയും മധ്യകാലത്തിൻ്റെ അവസാനഘട്ടത്തിൽ അവ പരിപൂർണ്ണമായും ശൈവരൂപങ്ങളും പുരാണരൂപങ്ങളുമായി മാറുകയും ചെയ്തു. പഠനത്തിനായി സംഘകാലം മുതൽ കൊളോണിയൽ കാലംവരെയുള്ള ചരിത്രപ്രമാണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നു.

ഡോ. ഷിബി കെ.: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുന്നാവായ പ്രാദേശികകേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസറാണ്. കളമെഴുത്തിൻ്റെ ചരിത്രത്തെക്കുറിച്ചാണ് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുള്ളത്. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് എംഫിലും പിഎച്ച്ഡിയും ചെയ്തു. പ്രൊഫസർ കെ എൻ ഗണേഷിൻ്റെയും പ്രൊഫസർ എൻ ജെ ഫ്രാൻസിസ്സിൻ്റെയും ശിക്ഷണത്തിലാണ് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിച്ചിട്ടുള്ളത്.