പ്രാദേശിക ചരിത്രരചന : അനുഭവപാഠങ്ങൾ
പ്രഭാഷകൻ: പ്രൊഫസർ അച്യുത്ശങ്കർ എസ്. നായർ
പ്രൊഫസർ
ബയോഇൻഫോമാറ്റിക്സ് വകുപ്പ്
കേരള സർവകലാശാല
തീയതി, സമയം: 5 ജൂലൈ, 2022, ചൊവ്വാഴ്ച, 3 PM (IST)
സംഗ്രഹം: തിരുവനന്തപുരം നഗരത്തിലെ ഒരു വാർഡ് ആയ വഞ്ചിയൂരിന്റെ പ്രാദേശികചരിത്രം രേഖപ്പെടുത്തിയ അനുഭവ സമ്പത്ത് പങ്കിടുകയാണ് ഈ പ്രഭാഷണത്തിൽ. മൂന്നു തലമുറകൾ ചേർന്നു രചിച്ച Vanchiyoor Vignettes എന്ന പുസ്തകത്തിന്റെ തയ്യാറാക്കലിൽ നേരിട്ട വെല്ലുവിളികളും അതിനോടുള്ള പ്രതികരണവും പ്രഭാഷണം ചർച്ച ചെയ്യുന്നു. മാക്രോ ചരിത്രരചനയിൽ നിന്നു ഭിന്നമായി മൈക്രോ ചരിത്രരചനയ്ക്കുള്ള പ്രഭവങ്ങൾ ദുര്ഘടമാണ്. വാമൊഴി വിവരങ്ങൾ, അപ്രകാശിത സാഹിത്യം, പരമ്പരാഗത പ്രഭവങ്ങളിലെ ഒറ്റപ്പെട്ട പരാമർശങ്ങൾ എന്നിവയൊക്കെ കാച്ചിക്കുറുക്കിയെടുക്കുന്നത് ശ്രമകരമാണ്. ഇതിനെല്ലാം പുറമെ പ്രാദേശിക ചരിത്രങ്ങളെക്കുറിച്ചു അതാത് പ്രദേശത്തിലെ ചിലർക്കല്ലാതെ സമൂഹത്തിനു പൊതുതാല്പര്യം കാണണമെന്നില്ല. ഈ പശ്ചാത്തലത്തിലും പ്രാദേശിക ചരിത്രരചന അങ്ങേയറ്റം സംതൃപ്തിദായകവും ആവേശകരവുമാണ്. പ്രഭാഷകൻ ഒരു പരമ്പരാഗത പരിശീലനം ലഭിച്ച ചരിത്രകാരനല്ലാത്തതിനാൽ പ്രഭാഷണം സാമാന്യ ബുദ്ധിക്കു നിരക്കുന്ന തലത്തിൽ മാത്രമായിരിക്കുന്നതാണ്.
പ്രഭാഷകൻ: ഡോക്ടർ അച്യുത്ശങ്കർ എസ്. നായർ കേരള സർവകലാശാലയിലെ കമ്പ്യുട്ടർ സയൻസ് പ്രൊഫസറും ബയോഇന്ഫോര്മാറ്റിക്സ് വകുപ്പിന്റെ അധ്യക്ഷനുമാണ്. അധ്യാപകൻ, ഗവേഷകൻ, പ്രഭാഷകൻ, സയൻസ് കമ്മ്യൂണിക്കേറ്റർ എന്നീ നിലകളിലും സാമൂഹിക സാംസ്കാരികരംഗത്തെ പ്രവർത്തകൻ എന്ന നിലയിലും അറിയപ്പെടുന്ന അദ്ദേഹം, എഞ്ചിനീയറിങ്ങിലും സംഗീതത്തിലുമായി രണ്ടു പിഎച്ച്ഡി നേടിയിട്ടുണ്ട്. ‘തരിപ്പ്’ എന്ന ശാസ്ത്ര-ചരിത്ര നോവൽ ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാളിനെക്കുറിച്ചും തിരുവിതാംകൂർ ചരിത്രത്തെക്കുറിച്ചും എഴുതിയിട്ടുള്ള അദ്ദേഹം മദ്രാസ് മ്യൂസിക് അക്കാഡമിയുൾപ്പെടെ പല സ്ഥലങ്ങളിലും ക്ഷണിതാവായി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 2001-04 കാലയളവിൽ C-DITന്റെ ഡയറക്ടർ ആയിരുന്നു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമിയുടെ പ്രഥമ ദേശീയ അധ്യാപക അവാർഡ്, വക്കം മൗലവി ഫൌണ്ടേഷൻറെ സാമൂഹിക സേവനത്തിനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.