മാപ്പിളമുസ്ലിങ്ങൾ : വയനാടൻ തേയിലതോട്ടങ്ങളിലെ കുടിയേറ്റവും സാമൂഹികചലനാത്മകതയും
വിഷയാവതരണം: നജീബ് വി. ആർ
(ഗവേഷകൻ, സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസ്, ജവഹർലാൽ നെഹ്രു സർവകലാശാല)
Date : 20-05-2021 , 3.00 PM
സംഗ്രഹം
വടക്കേ വയനാട്ടിലെ തേയില തോട്ടങ്ങളിലേക്ക് കടന്നുവന്ന മാപ്പിള മുസ്ലിം വിഭാഗക്കാരായ തോട്ടം തൊഴിലാളികളുടെ കുടിയേറ്റവും സാമൂഹിക ചലനാത്മകതയും (social mobility) മനസ്സിലാക്കാനാണ് ഈ അവതരണത്തിലൂടെ ശ്രമിക്കുന്നത്. 1920-കൾക്ക് ശേഷം മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്ന തൊഴിലില്ലായ്‌മയും, ദാരിദ്ര്യവും മറ്റു സാമൂഹിക സാമ്പത്തിക അന്തരീക്ഷവുമാണ് മാപ്പിള മുസ്ലിം വിഭാഗത്തെ വയനാട്ടിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചതെന്ന് പ്രഭാഷകൻ വാദിക്കുന്നു. തോട്ടങ്ങളിലെ സ്ഥിരം ജോലിയും താമസ സൗകര്യവും വർഷത്തിലൊരിക്കൽ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവാനുള്ള അവസരവും ഈ കുടിയേറ്റത്തിന് കാരണമായിട്ടുണ്ട്.
കൊളോണിയൽ ഘടനയുടെ പ്രയോജകരായ കങ്കാണിമാർ (middlemen) മാപ്പിള തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയതായി വിലയിരുത്തുന്നു. നിലവിലുണ്ടായിരുന്ന ദാരിദ്ര്യത്തിന്റെ പരാധീനതകളിൽ നിന്നുള്ള രക്ഷപ്പെടലായി കുടിയേറ്റത്തെ തുടക്കത്തിൽ കണക്കാക്കിയിരുന്നെങ്കിലും പിന്നീടാണ് തോട്ടമുടമകളുടെയും കങ്കാണിമാരുടെയും ചൂഷണാത്മക സ്വഭാവം തൊഴിലാളികൾക്ക് ബോധ്യപ്പെട്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ പണം കൊടുത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും തോട്ടങ്ങൾക്കാവശ്യമായ ആശ്രിത തൊഴിൽ വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ ബോധപൂർവ്വമായ ശ്രമം കങ്കാണിമാരും മുതലാളിമാരും നടത്തി. ഈയൊരു പശ്ചാത്തലത്തിലാണ് തൊഴിലാളികളുടെ സാമൂഹിക ചലനാത്മകത എന്ന ആശയത്തിന് പ്രസക്തി ലഭിക്കുന്നത്. സാമൂഹിക സാമ്പത്തിക അസമത്വങ്ങളുടെ ശ്രേണി വിന്യാസത്തെ അവലംബമാക്കി, വ്യക്തികൾക്കും സംഘങ്ങൾക്കും അവസരം നിഷേധിച്ച്, സാമൂഹിക ചലനാത്മകതയെ വികസിപ്പിക്കാൻ അനുവദിക്കാത്ത സാമൂഹിക ഘടനകളെ കുറിച്ച് പരാമർശിക്കാനാണ് ഈ അവതരണത്തിലൂടെ ശ്രമിക്കുന്നത്. തങ്ങളുടെ മൂന്ന് തലമുറകളായുള്ള കഠിനാധ്വാനം കൊണ്ടും സാമൂഹിക ചലനാത്മകതയുടെ മെച്ചപ്പെട്ട പ്രതലത്തിലേക്ക് കടന്നുചെല്ലാൻ മാപ്പിള മുസ്ലിങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന ആശയം പ്രഭാഷകൻ മുന്നോട്ടു വെക്കുന്നു.
നജീബ് വി. ആർ: ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റത്തിൽ ഡോക്ടറൽ ഗവേഷകനാണ്. 2020 -ൽ A Socio-Economic Study of Mappila Muslim Tea Plantation Workers in Wayanad, Kerala എന്ന വിഷയത്തിൽ അദ്ദേഹം തന്റെ ഗവേഷണ പ്രബന്ധം സമർപ്പിച്ചു.മാപ്പിള മുസ്ലീം തേയിലത്തോട്ട തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവും അവരുടെ സാമൂഹിക ചലനാത്മകതയുമാണ് ഗവേഷണ മേഖല. Knopf, Kerstin, Quintern, Detlev eds.2020. From Marx to Global Marxism.Eurocentrism, Resistance, Postcolonial Criticism എന്ന പുസ്തകത്തിൽ ‘ The Making of the Mappila Muslim Working Class in Tatamala and Cherakara Tea Plantations’ എന്ന അധ്യായം പ്രസിദ്ധീകരിച്ചിട്ടുണ്ട്.